ശമ്പളം കൊടുക്കാൻ വഴിയില്ല; ആലുവ നഗരസഭയിൽ തസ്തികകൾ വെട്ടിക്കുറക്കുന്നു
text_fieldsആലുവ: നഗരസഭയിൽ ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറക്കുന്നു. നഗരസഭയുടെ അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ ജീവനക്കാരുടെ എണ്ണം കുറക്കുകയാണ്. ഇതിെൻറ ഭാഗമായി ജീവനക്കാരെ പുനർവിന്യസിക്കും. ഇതിനകം മുതിർന്ന തസ്തികയിലുള്ളവരടക്കം ചില ജീവനക്കാരെ ഇവിടെ നിന്ന് സ്ഥലം മാറ്റിയിട്ടുണ്ട്. എന്നാൽ, ഇതിനു പകരം ജീവനക്കാരെ നിയമിക്കാതെയാണ് പുനർവിന്യാസം നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ഏറെ പഴക്കം ചെന്നതും ചെറുതുമായ നഗരസഭയാണ് ആലുവ. 100 വർഷം പിന്നിട്ട നഗരസഭയുടെ വിസ്തൃതി വെറും 5.17 ച.കി.മീറ്റർ മാത്രമാണ്. വരുമാനവും കുറവാണ്. അതിനിടയാണ് ആവശ്യത്തിൽ കൂടുതൽ ജീവനക്കാർ.
അതിനാൽ തന്നെ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം കൊടുക്കണമെങ്കിൽ നഗരസഭയുടെ വരുമാനത്തിന് പുറമെ ഏഴ് ലക്ഷത്തോളം രൂപ കണ്ടെത്തണം. ഇത്തരത്തിൽ നിലവിൽ നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
അതിനാൽ തന്നെ മറ്റ് വികസന, ക്ഷേമ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. 81 ജീവനക്കാരാണ് നഗരസഭയിലുള്ളത്. പ്യൂൺ തസ്തികയിൽ മാത്രം 17 പേരുണ്ട്.
തസ്തിക കുറക്കാൻ സർക്കാർ നിർദേശം
നഗരസഭയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ സർക്കാർ തന്നെ തസ്തിക കുറക്കാൻ നടപടിയെടുക്കുകയായിരുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് മന്ത്രിയായിരുന്ന എ.സി. മൊയ്തീനോട് സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ, സർക്കാർ പാപ്പരായിരുന്നതിനാൽ ഒന്നും നടന്നില്ല.
നിലവിലെ ഭരണസമിതി അധികാരത്തിൽ വന്നയുടൻ ശമ്പള കുടിശ്ശികയുടെ പേരിൽ ജീവനക്കാരുടെ സമരം നടന്നിരുന്നു. ഇതേതുടർന്ന് ചെയർമാൻ എം.ഒ. ജോൺ മന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതി അറിയിച്ചു. ഇതേതുടർന്ന്, അടിയന്തര കൗൺസിൽ ചേർന്ന് ജീവനക്കാരെ പുനർവിന്യസിക്കാൻ മന്ത്രി നിർദേശം നൽകി. ഇത്തരത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തത് പ്രകാരമാണ് സർക്കാർ തസ്തികകൾ വെട്ടിക്കുറച്ചു തുടങ്ങിയത്. ഇതുപ്രകാരം 22 പേരെ പുനർവിന്യസിക്കാനാണ് ആവശ്യപ്പെട്ടത്. അതിെൻറ അടിസ്ഥാനത്തിൽ സർക്കാർ, ജീവനക്കാരെ ഘട്ടംഘട്ടമായി സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു.
മുനിസിപ്പൽ എൻജിനീയറെ മാറ്റിയത് തിരിച്ചടി
ജീവനക്കാരെ പുനർവിന്യസിക്കുന്നതിെൻറ പേരിൽ നഗരസഭയെ മറികടന്ന് മുനിസിപ്പൽ എൻജിനീയറെ ചീഫ് എൻജിനീയർ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് നഗരസഭക്ക് തിരിച്ചടിയാണ്. എ ഗ്രേഡ് നഗരസഭയായതിനാൽ സാങ്കേതിക അനുമതിക്ക് എം.ഇ ആവശ്യമാണ്. അതിനാൽ അസി. എൻജിനീയറെ ഒഴിവാക്കി എം.ഇയെ തിരികെ നിയമിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം.
29ന് ചേർന്ന കൗൺസിലിൽ യോഗത്തിൽ എം.ഇയെ മാറ്റിയതിനെ എതിർത്തിട്ടുണ്ട്. കൗൺസിൽ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം വൈസ് ചെയർപേഴ്സൻ ജെബി മേത്തർ ഹിഷാമിെൻറ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മന്ത്രിയെ സന്ദർശിച്ച് നഗരസഭയുടെ ആവശ്യം അറിയിച്ചു. ഇത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.