താങ്ങാകുന്നു, സ്നേഹസ്പർശത്തിന്റെ നൂറ് കൈകൾ
text_fieldsആലുവ: പാഠപുസ്തകങ്ങൾക്കപ്പുറത്തെ വിശാല പഠന മേഖലയാണ് തേവക്കൽ തൃക്കാക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി തുറന്നിടുന്നത്. നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) വളന്റിയർമാർ സാമൂഹിക, സേവന, സാന്ത്വന രംഗങ്ങളിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി മാറുകയാണ്. ഒറ്റപ്പെട്ട് കഴിയുന്നവർക്ക് കരുതലിന്റെയും സാന്ത്വനത്തിന്റെയും സ്നേഹസ്പർശമാണ് ഇവിടുത്തെ എൻ.എസ്.എസ് വിദ്യാർഥികൾ.
എടത്തല ഗ്രാമപഞ്ചായത്തിന് സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ രണ്ട് വർഷത്തിനിടെ ഈ കുട്ടികൾ മൂന്ന് തവണ സന്ദർശിച്ചു. ഇതിനിടെ പെയിൻ ആൻഡ് പാലിയേറ്റിവ് വിഭാഗത്തിലേക്ക് രണ്ട് വീൽചെയർ സംഭാവന ചെയ്തിരുന്നു. ന്യൂസ് പേപ്പർ, സ്ക്രാപ്പ് ചലഞ്ചുകളിലൂടെ ലഭിച്ച തുകക്കൊപ്പം സ്വന്തമായി കൈയിൽ നിന്നെടുത്തുമാണ് വീൽചെയർ വാങ്ങാൻ തുക കണ്ടെത്തിയത്. രോഗികൾക്കും സഹായികൾക്കും ഉപകാരപ്രദമായ ‘വായന തണലും‘ അവർ ഇവിടെ സജ്ജീകരിച്ചു.
ഭിന്നശേഷി കുട്ടികളും അനാഥരും അഗതികളുമായ വയോധികരും താമസിക്കുന്ന സ്ഥാപനങ്ങളിലെത്തി അവരോടൊപ്പം കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷ ദിനങ്ങൾ വേറിട്ടതാക്കാനും ഇവർ ശ്രദ്ധ ചെലുത്തുന്നു. ശിശുദിനത്തിലും മറ്റ് അവസരങ്ങളിലും അംഗൻവാടികൾ സന്ദർശിച്ച് കുരുന്നുകൾക്കൊപ്പം ആടിയും പാടിയും അവർക്ക് സന്തോഷം പകരുന്നു. പരിസരപ്രദേശത്തെ രണ്ട് അംഗൻവാടികളും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്തു. ഈ വാർഡിലെ കൈലാസ് നഗർ അംഗൻവാടി എൻ.എസ്.എസ് ഏറ്റെടുത്ത് ദത്ത് ഗ്രാമമായി പ്രഖ്യാപിക്കുകയും വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂളിന് സമീപത്തെ തേവക്കൽ ബസ് സ്റ്റോപ്പിൽ യാത്രക്കാർ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം പലതവണ ശുചീകരിച്ചു. ലഹരിക്കെതിരെ വിദ്യാർഥികളിലും നാട്ടുകാരിലും അവബോധം സൃഷ്ടിക്കാൻ വിവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യുന്നതിന് പുറമേ കങ്ങരപ്പടി, തേവക്കൽ തുടങ്ങിയ പ്രധാന കവലകളിൽ ലഹരിവിരുദ്ധ റാലികളും പൊതുസമ്മേളനങ്ങളും കലാപരിപാടികളും സംഘടിപ്പിക്കാറുമുണ്ട്. ദുരിതം പെയ്തിറങ്ങിയ വയനാടിനായി എൻ.എസ്.എസ് പ്രവർത്തകർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് വിഭവസമാഹരണം നടത്തി. ബിരിയാണി, ഖാദി ചലഞ്ചുകളിലൂടെയും സന്നദ്ധ സേവകരിലൂടെയും തുക സമാഹരിച്ച വിദ്യാർഥികൾ അച്ചാർ ചലഞ്ചിലൂടെയും തുക കണ്ടെത്താനുള്ള ശ്രമത്തിലാണ്.
എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഗോൾഡി എലിസബത്ത് ജോർജ്, മുൻ പ്രോഗ്രാം ഓഫിസർ കെ.വി. ഷീജ, പ്രിൻസിപ്പൽ എം. ജിജോ ജോൺ, പി.ടി.എ പ്രസിഡന്റ് സിയാദ് ചെമ്പറക്കി, എസ്.എം.സി ചെയർമാൻ എൻ.എ. കുത്തുബുദ്ദീൻ, പ്രധാനാധ്യാപിക എ. റുക്സാന ബായ് എന്നിവരുടെ പിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.