അനുമതി ലഭിച്ച് ഒന്നര വർഷം: വാട്ടർ അതോറിറ്റിയിൽ 300 കോടിയുടെ വികസന പദ്ധതിക്ക് തുടക്കമായില്ല
text_fieldsആലുവ: അനുമതി ലഭിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിയിലെ 300 കോടിയുടെ വികസന പദ്ധതിക്ക് തുടക്കമായില്ല. ജില്ലയിലെ കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കാനാണ് പദ്ധതിയിട്ടത്. ഇതിൽ ആദ്യം അനുവദിച്ച 50 കോടി ഭൂഗർഭ പൈപ്പ് മാറ്റൽ, ക്വാർട്ടേഴ്സ് നിർമാണം എന്നിവക്കാണ്.
എന്നാൽ, ആലുവ വാട്ടർ അതോറിറ്റിയിൽ നടപ്പാക്കേണ്ട ഈ 50 കോടിയുടെ പദ്ധതി നിർമാണം പൂർത്തീകരിച്ച് കമീഷൻ ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും ഒരു നടപടിയും ആരംഭിച്ചിട്ടില്ല. സർക്കാർ ഫണ്ട് അനുവദിച്ചിട്ടും പദ്ധതിക്ക് തുടക്കം കുറിക്കാൻപോലുമായില്ല. 2019 നവംബറിലാണ് 143 എം.എൽ.ഡി ജലം ശുദ്ധീകരിക്കാനുള്ള ആധുനിക പ്ലാൻറിന് 300 കോടിയുടെ പദ്ധതിക്ക് അനുമതിയായത്.
മാതാ തിയറ്ററിന് സമീപത്തെ വാട്ടർ അതോറിറ്റിയുടെ ഭൂമിയിലാണ് പ്ലാൻറ് സ്ഥാപിക്കേണ്ടിയിരുന്നത്. ഇവിടത്തെ, കാലപ്പഴക്കം ചെന്ന 40 ക്വാർട്ടേഴ്സുകൾ മാറ്റിയാണ് പ്ലാൻറ് സ്ഥാപിക്കുക. ടൗൺഹാളിന് പിന്നിൽ വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിലാണ് ക്വാർട്ടേഴ്സ് നിർമിക്കാൻ തീരുമാനിച്ചത്.
ഇതിനായും നിർദിഷ്ട ജലശുദ്ധീകരണ പ്ലാൻറിലേക്ക് പെരിയാറിൽനിന്നും വെള്ളം എത്തിക്കുന്നതിന് ഭൂഗർഭ പൈപ്പ് സ്ഥാപിക്കാനും ഉൾപ്പെടെ 40 കോടി ആദ്യം അനുവദിച്ചു.
2021 മാർച്ച് 31നകം കമീഷൻ ചെയ്യണമെന്ന നിർദേശത്തോടെയാണ് പണം അനുവദിച്ചത്. എന്നാൽ, ഇതുവരെ ക്വാർട്ടേഴ്സിെൻറ നിർമാണമോ പൈപ്പുകൾ സ്ഥാപിക്കാൻ ടെൻഡർ നടപടികളോ പൂർത്തീകരിച്ചിട്ടില്ല. ക്വാർട്ടേഴ്സ് നിർമിക്കേണ്ട സ്ഥലത്തുള്ള വാട്ടർ അതോറിറ്റിയുടെ കെമിക്കൽ സ്േറ്റാർ മാറ്റിസ്ഥാപിക്കാൻ പുതിയ കെട്ടിടം നിർമിക്കുന്നതിനാലാണ് ക്വാർട്ടേഴ്സ് നിർമാണം വൈകിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, മൂന്ന് നിലകളിലായി നിർമിക്കുന്ന 29 ഫ്ലാറ്റുകളുടെ രൂപരേഖക്ക് വാട്ടർ അതോറിറ്റി ആസ്ഥാനത്തുനിന്ന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. രണ്ടര കിലോമീറ്റർ നീളത്തിൽ ഭൂഗർഭ പൈപ്പ് സ്ഥാപിക്കാൻ ടെൻഡർ വിളിച്ചെങ്കിലും ഇതും ഉറപ്പിക്കാനായിട്ടില്ല.
റീടെൻഡർ ചെയ്യാനുള്ള നടപടികൾ തുടരുകയാണ്. നിലവിലെ 40 ക്വാർട്ടേഴ്സുകളിൽ പലതും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. 19 എണ്ണം ജീവനക്കാരുടെ കൈവശമാണെങ്കിലും 11ൽ മാത്രമാണ് താമസക്കാരുള്ളത്. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞാണ് കെട്ടിടങ്ങളിലെ ചോർച്ച ഒഴിവാക്കിയിട്ടുള്ളത്. ഇവിടെ ഏറെ പ്രയാസപ്പെട്ടാണ് ജീവനക്കാർ കഴിയുന്നത്. ആദ്യഘട്ടത്തിൽ അനുവദിച്ച പദ്ധതി പൂർത്തിയാക്കാത്തതിനാൽ പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകേണ്ട കുടിവെള്ള പദ്ധതിയും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.