ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ
text_fieldsആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറിൽ വിജയ് സോൻഖറിനെയാണ് (27) റൂറൽ ജില്ല സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിനിക്കാണ് പണം നഷ്ടമായത്.
സമൂഹമാധ്യമങ്ങൾ വഴിയാണ് വീട്ടമ്മ ഓൺലൈൻ ട്രേഡിങ് സംഘത്തെ പരിചയപ്പെട്ടത്. നിക്ഷേപത്തിന് വൻ ലാഭമാണ് വാഗ്ദാനം ചെയ്തത്. ഇതിൽ വിശ്വസിച്ച ഇവർ ആദ്യം കുറച്ച് തുക നിക്ഷേപിച്ചു. വീട്ടമ്മയെ കെണിയിൽ വീഴിക്കുന്നതിനായി ലാഭമെന്ന് പറഞ്ഞ് സംഘം കുറച്ച് തുക അയച്ചുകൊടുത്തു. ഇതിൽ വിശ്വാസം വന്നപ്പോൾ കൂടുതൽ തുകകൾ അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. നിക്ഷേപത്തിലൂടെ ലഭിച്ചെന്ന പേരിൽ വൻ ലാഭം അവരുടെ പേജുകളിൽ കാണിച്ചുകൊണ്ടിരുന്നു. വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ കോടിയോളം രൂപ നിക്ഷേപിച്ചു. ഒടുവിൽ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ സംഘം സമൂഹമാധ്യമങ്ങളിൽനിന്നുതന്നെ അപ്രത്യക്ഷമായി. ഫോൺ നമ്പറും ഉപയോഗത്തിലില്ലാതായി. തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകി.
വിജയിന് കൃത്യമായ വിലാസം ഇല്ലായിരുന്നു. ലഭ്യമായത് അഹമ്മദാബാദിലെ ഒരു ഗ്രാമത്തിലേതായിരുന്നു. അവിടെ അന്വേഷണ സംഘം ചെന്നപ്പോൾ കണ്ടത്, വിശാലമായി പണിതുയർത്തിയ കെട്ടിടമായിരുന്നു. തുടർന്ന് പൊലീസ് സംഘം വേഷംമാറി ദിവസങ്ങളോളം പലയിടങ്ങളിലായി താമസിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി വി.എസ് ട്രേഡ് എന്ന വ്യാജ സ്ഥാപനമുണ്ടാക്കി ജി.എസ്.ടി സർട്ടിഫിക്കറ്റും ദേശസാത്കൃത ബാങ്കിൽ കറന്റ് അക്കൗണ്ടും തുടങ്ങി വ്യാപക തട്ടിപ്പാണ് നടത്തി വന്നിരുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.എം. വർഗീസ്, സബ് ഇൻസ്പെക്ടർമാരായ എ.കെ. സന്തോഷ് കുമാർ, ടി.കെ. വർഗീസ്, എ.എസ്.ഐ വി.എൻ. സിജോ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.