മാലിന്യവും കാടും നിറഞ്ഞ് പെരിയാർവാലി കനാൽ
text_fieldsആലുവ: വേനൽ തുടങ്ങിയിട്ടും കനാലുകൾ വൃത്തിയാക്കാൻ പെരിയാർവാലി അധികൃതർ തയാറാകുന്നില്ല. ഇതുമൂലം കനാലിൽ മാലിന്യവും കാടും നിറഞ്ഞു. ഏതുസമയത്തും വെള്ളം തുറന്നുവിടാൻ ഉത്തരവുണ്ടാകുമെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ കനാൽ പ്രദേശങ്ങളിൽ വലിയ പ്രശനങ്ങൾക്കിടയാക്കും.
മാലിന്യം അടിഞ്ഞുകൂടിയതിനാലും കാട് നിറഞ്ഞതിനാലും കനാൽ പല സ്ഥലങ്ങളിലും കരകവിയാനിടയുണ്ട്. വിവിധ പ്രദേശങ്ങളിലെ കനാലിലെ നെറ്റുകളിലും പരിസരങ്ങളിലുമാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്.
ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നടക്കം ഒഴുകിവരുന്ന മാലിന്യങ്ങളും പരിസരങ്ങളിൽനിന്ന് കനാലിൽ കൊണ്ടിടുന്ന മാലിന്യങ്ങളും ഇത്തരത്തിൽ നെറ്റുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ വന്നടിയുന്നത് പതിവാണ്.
മാലിന്യം അടിഞ്ഞുകൂടിയ പ്രദേശങ്ങളിൽ ദുർഗന്ധവുമുണ്ടാകാറുണ്ട്. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ ആലുവ നഗര പരിധിയിൽ മാലിന്യം വന്നടിഞ്ഞിരുന്നു. തുടർന്ന് മാലിന്യം കോരി കരയിലിടാൻ ശ്രമിച്ചത് പലപ്പോഴും പ്രശ്നങ്ങൾക്കിടയാക്കി.
കനാലിൽ ചുണങ്ങംവേലിക്കും അശോകപുരത്തിനുമിടയിലാണ് മാലിന്യം തള്ളൽ വ്യാപകമായിട്ടുള്ളത്. ചീഞ്ഞളിഞ്ഞ മാലിന്യം വരെ ഈ പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി തള്ളപ്പെടുന്നുണ്ട്. പലഭാഗങ്ങളിൽ നിന്നും മാലിന്യങ്ങൾ ഇവിടെ കൊണ്ടിടുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
മാലിന്യവും കാടും മൂലം പലപ്പോഴും കനാൽ കരകവിഞ്ഞ് പരിസരത്തെ വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
മാലിന്യത്തിന് പ്രധാന കാരണം കൈയേറ്റം
കനാലിൽ മാലിന്യം അടിയുന്നത്തിന് പ്രധാന കാരണം പരിസരങ്ങളിലെ കൈയേറ്റങ്ങളാണ്. കനാലിലേക്കെത്തുന്ന മാലിന്യത്തിൽ ഭൂരിഭാഗവും കൈയേറ്റ പ്രദേശങ്ങളിൽനിന്നാണ്. കനാൽ പുറമ്പോക്കിലും മറ്റുമായി കനാലിന്റെ തീരങ്ങളിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇറച്ചിക്കടകൾ, കോഴിക്കകൾ, മീൻ വിൽപന ശാലകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് കനാൽ പുറമ്പോക്കിൽ കൂടുതലായും ഉള്ളത്. ഇത്തരം കടകളിൽ പലതിന്റെയും മാലിന്യം കനാലിലേക്കാണ് തള്ളുന്നതെന്ന് ആക്ഷേപമുണ്ട്. ചില സ്ഥാപനങ്ങളിൽനിന്ന് മാലിന്യം ഒഴുക്കിവിടാൻ സ്ഥിരമായി പൈപ്പുകൾ വരെ കനാലിലേക്ക് സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.