പെരുമ്പാവൂർ അനസിന്റെ കൂട്ടാളിയായ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ സ്‌ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂര്‍ കെടാമംഗലം കവിതാ ഓഡിറ്റോറിയത്തിന് സമീപം ചാക്കാത്തറ വീട്ടില്‍ രാഹുലിനെയാണ് (കണ്ണന്‍ 31) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കൊലപാതശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, ന്യായവിരോധമായി സംഘം ചേരല്‍, കുറ്റകരമായ ഗൂഡാലോചന, ആയുധ നിയമ പ്രകാരമുള്ള കേസ്, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാള്‍. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി.
കുപ്രസിദ്ധ ഗുണ്ടയായ പെരുമ്പാവൂര്‍ അനസിന്‍റെ കൂട്ടാളിയായ ഇയാള്‍ 2020 ഫെബ്രുവരിയില്‍ ആലുവ പറവൂര്‍ കവലയില്‍ ഇബ്രാഹിം എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെയും മുഖ്യപ്രതിയായിരുന്നു. 2021 നവംബര്‍ അവസാനം നോര്‍ത്ത് പറവൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരു കൊലപാതകശ്രമ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലയില്‍ കാപ്പ നിയമ പ്രകാരം ഇതുവരെ 31 പേരെ നാട് കടത്തുകയും 42 പേരെ അറസ്‌റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ള സ്‌ഥിരം കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളില്‍ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്ന് എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.