പൊലീസ് വളർത്തുനായയെ അടിച്ചു കൊന്നു; ഫ്രിഡ്ജിൽ സൂക്ഷിച്ച് വീട്ടുടമ
text_fieldsചെങ്ങമനാട്: കേസന്വേഷണത്തിൻെറ ഭാഗമായി പ്രതിയുടെ വീട്ടിൽ നോട്ടീസ് പതിക്കാൻ എത്തിയ പൊലീസ് വളർത്തുനായയെ അടിച്ചു കൊന്നതായി പരാതി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18-ാം വാർഡ് പൊയ്ക്കാട്ടുശ്ശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ തങ്കച്ചൻെറ വീട്ടിലെ പഗ് ഇനത്തിൽപെട്ട 'പിക്സി' എന്നു പേരുള്ള നായയെയാണ് ശനിയാഴ്ച ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അടിച്ചു കൊന്നതായി പറയുന്നത്.
വിവിധ അടിപിടി കേസുകളിൽ ഉൾപ്പെട്ട ഇളയമകൻ മകൻ ജസ്റ്റിനെ തേടിയാണ് പൊലീസ് തങ്കച്ചൻെറ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെ മുൻവശത്ത് നിർത്തി പിൻഭാഗത്ത് കൂടിയാണ് എസ്.എച്ച്.ഒ വീട്ടുപറമ്പിൽ പ്രവേശിച്ചത്. ഈ സമയമാണ് അടുക്കള വശത്തുണ്ടായിരുന്ന നായയെ എസ്.എച്ച്.ഒ മരക്കമ്പ് കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി. ഒറ്റയടിക്ക് നായ ചത്തതായും അടിയുടെ ആഘാതത്തിൽ മരക്കൊമ്പ് ഒടിഞ്ഞതായും പരാതിയിൽ പറയുന്നു.
സംഭവ സമയം തങ്കച്ചൻെറ ഭാര്യ മേരിയും മൂത്ത മകൻ ജിജോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതത്രെ. ശബ്ദം കേട്ട് ജിജോ ഓടിവന്ന് നോക്കുമ്പോൾ നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ജിജോയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി. അപ്പോഴേക്കും നായയെ കൊന്നത് തങ്ങളല്ലെന്ന് പറഞ്ഞ് പൊലീസ് പോകാൻ ശ്രമിക്കുകയും ചെയ്തു.ഈ സമയം മേരി പൊലീസ് ജീപ്പ് തടഞ്ഞു. എന്നാൽ അവരെ റോഡിൽ നിന്ന് മാറ്റി പൊലീസ് പോയി. തൊട്ട് പിറകെ ചത്ത നായയെയും കൊണ്ട് ജിജോ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് പോസ്റ്റ്മോർട്ടം നടപടി സ്വീകരിക്കാതെ അനുനയത്തിൽ മടക്കി അയക്കുകയായിരുന്നുവത്രെ.
തുടർന്ന് നായയുടെ മൃതദേഹം ജിജോ വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് എസ്.എച്ച്.ഒക്കും സംഘത്തിനുമെതിരെ മേരി ജില്ല റൂറൽ എസ്.പിക്കും മേനക ഗാന്ധി അടക്കമുള്ളവർക്കും പരാതി നൽകിയിരിക്കുകയാണ്. അതേ സമയം നായ ചത്ത സംഭവത്തിൽ പൊലീസിന് പങ്കില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രദീപ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
വീട്ടിലെത്തിയപ്പോൾ കൂട്ടത്തോടെ നായ്ക്കൾ അക്രമിക്കാനെത്തിയെങ്കിലും കഷ്ടിച്ചാണ് അക്രമണം ഏൽക്കാതെ രക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിനെ തേടിയെത്തിയ പല പൊലീസുദ്യോഗസ്ഥർക്കും ഇതിന് മുമ്പും നായയുടെ ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.