നായയെ കൊന്നത് പൊലീസ് സമ്മതിച്ചില്ല; വീട്ടിലെ ഫ്രീസറിൽ ജഡം സൂക്ഷിച്ചു, പോസ്റ്റ് മോർട്ടം നടത്തി
text_fieldsചെങ്ങമനാട് (എറണാകുളം): അടിപിടി കേസിലെ പ്രതിയുടെ വീട്ടിൽ സമൻസ് പതിക്കാനെത്തിയ പൊലീസ് വളർത്തുനായയെ അടിച്ചു കൊന്നതായി പരാതി ഉയർന്ന സംഭവത്തിൽ ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നായയുടെ ജഡം തിങ്കളാഴ്ച പോസ്റ്റ് മോർട്ടം നടത്തുകയും രാത്രിയോടെ വീട്ടുവളപ്പിൽ കുഴിച്ചിടുകയും ചെയ്തു.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18-ാം വാർഡ് പൊയ്ക്കാട്ടുശ്ശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ മേരി തങ്കച്ചന്‍റെ വീട്ടിലെ എട്ട് വയസുള്ള പഗ് ഇനത്തിൽപെട്ട 'പിക്സി' എന്നു പേരുള്ള നായയെയാണ് ശനിയാഴ്ച സന്ധ്യയോടെ ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അടിച്ചു കൊന്നതായി പരാതി ഉയർന്നത്.
മേരിയുടെ ഇളയ മകൻ ജസ്റ്റിനെ തേടിയാണ് പൊലീസ് വീട്ടിലെത്തിയത്. എന്നാൽ മറ്റൊരു കേസിൽ ജസ്റ്റിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീടിന്‍റെ പിൻഭാഗത്ത് കൂടി എത്തിയെന്നും അടുക്കള ഭാഗത്തുണ്ടായിരുന്ന നായയെ പൊലീസ് സംഘത്തിലെ മൂന്ന് പേരിൽ ഒരാൾ വിറക് കഷണം ഉപയോഗിച്ച് അടിച്ച് കൊന്നുവെന്നുമാണ് മേരിയുടെ പരാതി.
നായയെ കൊന്നത് പൊലീസാണെന്ന് സമ്മതിക്കാതെ വന്നതോടെ നായയെ മേരി വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മേരിയും മൂത്ത മകൻ ജിജോയും ജില്ല റൂറൽ എസ്.പി ഓഫിസിലെത്തി നേരിട്ട് പരാതി നൽകി. ഇതേ തുടർന്ന് ആലുവ ഡിവൈ.എസ്.പി ഇരുവരുടെയും മൊഴിയെടുത്തു. തുടർന്ന് ഉച്ചക്ക് ശേഷം പൊലീസ് വീട്ടിലെത്തി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന നായയുടെ മൃതദേഹമെടുത്ത് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. എറണാകുളം വെറ്ററിനറി ഹോസ്പിറ്റലിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്.
നായയുടെ തലയിൽ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് സൂചന. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് മേരി പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ വീട്ടുവളപ്പിൽ നായയുടെ മൃതദേഹം കുഴിച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.