പൊലീസ് ഡ്രൈവറുടെ ആത്മഹത്യ എ.എസ്.പി അന്വേഷിക്കും
text_fieldsആലുവ: മൂവാറ്റുപുഴയിൽ പൊലീസ് ഡ്രൈവർ ജോബി ദാസ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ. അഡീഷനൽ എസ്.പി കെ. ബിജുമോനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിത നടപടി സ്വീകരിക്കും. ഇൻക്രിമെന്റ് തടഞ്ഞുവെച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. ഒമ്പത് വർഷത്തെ ഇൻക്രിമെന്റ് അച്ചടക്ക നടപടിയുടെ ഭാഗമായാണ് തടഞ്ഞുവെച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എസ്.പി പറഞ്ഞു.
ചൊവ്വാഴ്ചയാണ് കളമശ്ശേരി എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡ്രൈവർ മൂവാറ്റുപുഴ റാക്കാട് ശക്തിപുരം മുരിങ്ങോത്തിൽ ജോബി ദാസിനെ (48) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മരണത്തിന് ഉത്തരവാദികൾ പൊലീസ് വകുപ്പും രണ്ട് മേലുദ്യോഗസ്ഥരുമാണെന്നും എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.
പൊലീസുകാരന്റെ മൃതദേഹം സംസ്കരിച്ചു
മൂവാറ്റുപുഴ: കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ വാളകം റാക്കാട് ശക്തിപുരം മുരിങ്ങോത്തിൽ ജോബിദാസിന്റെ സംസ്കാരം നടത്തി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് റാക്കാട് ശക്തിപുരത്തെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്.
സ്കൂളിൽ താൽക്കാലിക ജീവനക്കാരിയായ ഭാര്യയും വിദ്യാർഥികളായ മക്കളും സ്കൂളിൽ പോയ സമയത്താണ് ജോബി ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സഹപ്രവർത്തകർ ജോബിദാസിന് അന്ത്യോപമചാരമർപ്പിച്ചു. മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളും അടക്കം നിരവധിപേർ എത്തിയിരുന്നു.
സ്റ്റേഷനിലെ പൊതുദർശനത്തിനുശേഷം കുടുംബവീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് െവച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.