ആലുവ നഗരത്തിൽ പൊലീസ് റെയ്ഡ്; 35 പേർക്കെതിരെ നടപടി
text_fieldsആലുവ: നഗരത്തിൽ റൂറൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 35 പേർക്കെതിരെ നടപടി. ഇരുപത്തഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.
ക്രിമിനലുകൾ, വിവിധ കേസുകളിൽ ഉൾപ്പെട്ടവർ, നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റവർ, പരസ്യമായി മദ്യപിച്ചവർ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് രാത്രി മുഴുവൻ നീണ്ട റെയ്ഡിൽ പിടിയിലായത്. ഇതിൽ നാലുപേർ മലയാളികളും ബാക്കിയുള്ളവർ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്.
ഇതിൽ അന്തർ സംസ്ഥാന തൊഴിലാളികളായ നാല് സ്ത്രീകളും ഉൾപ്പെടും. മണപ്പുറത്തുനിന്ന് രാത്രിയിലെ പരിശോധനയിൽ പത്തിലേറെ കേസുകളിൽ പ്രതിയായ കൊല്ലം കരിമ്പിൻ പുഴ സ്വദേശി അഭിജിത്ത് എന്നയാളെ ജില്ല പൊലീസ് മേധാവി വിവേക് കുമാർ നേരിട്ടു പിടികൂടി. അടിപിടി ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട ഇയാളെ സംശയാസ്പദ സാഹചര്യത്തിലാണ് കാണപ്പെട്ടത്.
അഭിജിത്തിനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. എ.ഡി.എസ്.പി കെ. ബിജുമോൻ, ഡിവൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ തുടങ്ങി മുന്നൂറ്റി അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കാളികളായത്. ദ്രുതകർമസേനയും ഡോഗ് സ്ക്വാഡും റെയ്ഡിലുണ്ടായിരുന്നു.
ആലുവയിൽ റൂറൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.