നാട്ടുകാർക്ക് തലവേദനയായി 'പ്രേമം' പാലം
text_fieldsആലുവ: 'പ്രേമം' സിനിമയിലൂടെ പ്രശസ്തമായ പാലം നാട്ടുകാർക്ക് തലവേദനയാകുന്നു. ആലുവ തോട്ടക്കാട്ടുകര ഭാഗത്തെ അക്വഡേറ്റ് പാലത്തിലാണ് സാമൂഹിക വിരുദ്ധ ശല്യം കൂടിയിരിക്കുന്നത്. പ്രേമം സിനിമയിൽ ഈ പാലം ഉൾപ്പെടുത്തിയത് മുതലാണ് പ്രശ്‌നം തുടങ്ങിയത്. അന്ന് മുതലാണ് പാലത്തിന് പ്രേമം പാലമെന്ന പേര് വന്നതും കമിതാക്കളടക്കം നിരവധിയാളുകൾ പതിവായി ഇവിടേക്ക് വന്നുതുടങ്ങിയതും.
ലോക്ഡൗണിൽ ഇളവു വന്നതോടെ അക്വഡേറ്റിൽ രാവും പകലും സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു. കോളജ് വിദ്യാർഥികളും കമിതാക്കളും അക്വഡേറ്റിൽ തമ്പടിക്കുന്നതിനാൽ നാട്ടുകാർക്ക് ഇതുവഴി സഞ്ചരിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.
കളമശേരി, ആലുവ നിയോജക മണ്ഡലങ്ങളിലായി കിടക്കുന്ന അക്വഡേറ്റ് പറവൂർ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി സ്‌ഥാപിച്ചതാണ്. ഭൂനിരപ്പിൽ നിന്നും 15 അടിവരെ ഉയരത്തിൽ ആണ് അക്വഡേറ്റ് പോകുന്നത്. ഇതിൽ പ്രേമം സിനിമയുടെ തുടക്ക ഭാഗങ്ങൾ ചിത്രീകരിക്കപ്പെട്ടതോടെ പ്രശസ്തമാകുകയായിരുന്നു.
തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിന് കുറുകെ അക്വഡേറ്റ് പോകുന്ന സ്‌ഥലത്ത് മുകളിലേക്ക് കയറുന്നതിന് സൗകര്യമുണ്ട്. ദൂരെ സ്‌ഥലങ്ങളിൽ നിന്നടക്കം ബൈക്കിലും കാറുകളിലുമായി എത്തുന്നവർ പരിസരത്ത് വാഹനം പാർക്ക് ചെയ്യുകയാണ്. മറ്റ് രണ്ടിടത്ത് കൂടി അക്വഡേറ്റിലേക്ക് കയറാൻ സൗകര്യമുണ്ട്. ആലുവ മാർക്കറ്റ് ഭാഗത്ത് നിന്നാരംഭിച്ച് യു.സി കോളജ് വരെയാണ് അക്വഡേറ്റ്.
പരിസരത്തെ വീടുകളുടെ മുകളിലെ നിലയിൽ നിൽക്കുന്നവർക്കാണ് സാമൂഹിക വിരുദ്ധരുടെ ശല്യമേറെയുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ യുവാക്കൾ അശ്ലീല പരാമർശങ്ങൾ നടത്തുന്നുണ്ട്. കഞ്ചാവുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരും സന്ധ്യ സമയത്ത് ഇവിടെ എത്താറുണ്ട്.
പകൽ സമയങ്ങളിൽ കൂടുതലും കമിതാക്കളാണ്. അക്വഡേറ്റിലേക്കുള്ള മൂന്ന് പ്രവേശന കവാടങ്ങളും തൽക്കാലത്തേക്ക് അടക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി പെരിയാർവാലി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകിയിട്ടുണ്ട്. പാലം കേന്ദ്രീകരിച്ചുള്ള സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാൻ പൊലീസ് നടപടികളെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.