തട്ടിപ്പിന് കൂട്ടുനിന്ന് സ്വകാര്യ ലാബുകൾ; ക്വാറൻറീൻ ലംഘനം നടത്തിയ 13 പേർക്കെതിരെ കേസ്
text_fieldsആലുവ: തെറ്റായ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ക്വാറൻറീൻ ലംഘനം നടത്തിയ 13 പേർക്കെതിരെ റൂറൽ ജില്ല പൊലീസ് കേസെടുത്തു. സ്വകാര്യ ലാബുകളിൽനിന്ന് സംഘടിപ്പിക്കുന്ന വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകളുമായി രോഗികൾ കറങ്ങി നടക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ല മൊബൈൽ കോവിഡ് പരിശോധന സംഘം നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് പൊസിറ്റിവ് സ്ഥിരീകരിച്ച 13 പേരാണ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി ക്വാറൻറീൻ ലംഘനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വരാപ്പുഴയിൽ 11 പേർക്കെതിരെയും കുന്നത്തുനാട് രണ്ട് പേർക്കെതിരെയും കേസെടുത്തു.
കടമക്കുടി വില്ലേജ് പിഴല, കോതാട് സ്വദേശികളായ ആൻറണി സന്തോഷ്, രാജു ഒളാപ്പറമ്പിൽ, നൈഷൻ ജോസഫ് താന്നിപ്പിള്ളി, സെൽജൻ സാമുവൽ, റീജ ക്രിസ്റ്റി, ജോസഫ് ക്രിസ്റ്റി ഒന്നംപുരക്കൽ, മിനി സാജു കൊടുവേലിപ്പറമ്പ്, ജിജി ചീവേലി, ഡേവിഡ് ജോസഫ് പനക്കൽ, എയ്ബൻ സിമേന്തി തത്തംപിള്ളി, ഗ്രേസി ജോസഫ് തത്തംകേരി എന്നിവർക്കെതിരെ വരാപ്പുഴയിൽ പൊലീസ് കേസെടുത്തു. ഇവർ ക്വാറൻറീൻ ലംഘിച്ച് സ്വകാര്യ ലാബുകളിൽ തുടർപരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു.
പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. ക്വാറൻറീൻ ലംഘനത്തിന് കുന്നത്തുനാട് സ്റ്റേഷനിൽ നെല്ലാട് സ്വദേശി രഘുനാഥൻ, ഐരാപുരം സ്വദേശി രാമചന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്തു.
പോസിറ്റിവായശേഷം ഇവർ പെരുമ്പാവൂരിലെ ലാബിൽ നിന്ന് സംഘടിപ്പിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കറങ്ങിനടക്കുകയായിരുന്നു. മഴുവന്നൂർ പി.എച്ച്.സിയിലെ ഡോക്ടറുടെ പരാതിയെ തുടർന്നാണ് കേസ്. സർട്ടിഫിക്കറ്റിൽ തിരിമറി നടത്തുന്ന ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു. ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 252 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 67 പേരെ അറസ്റ്റ് ചെയ്തു. 525 വാഹനങ്ങൾ കണ്ടു കെട്ടി. സമൂഹ അകലം പാലിക്കാത്തതിന് 1287 പേർക്കെതിരെയും മാസ്ക്ക് ധരിക്കാത്തതിന് 915 പേർക്കെതിരെയും നടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.