നിരോധിത എയർ ഹോൺ മുഴക്കൽ ; ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘട്ടനം
text_fieldsആലുവ: നിരോധിത എയർ ഹോൺ അനധികൃതമായി മുഴുക്കിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘട്ടനം. ആലുവ - മൂന്നാർ റോഡിൽ ചൂണ്ടി കവലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഹോൺ മുഴക്കിയത് ചോദ്യം ചെയ്ത നാട്ടുകാരെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി വീട്ടിൽ ദിനിൽ ഇട്ടൂപ്പ് (36), സാധനം വാങ്ങാനെത്തിയ ചൂണ്ടി പുളിക്കൽ ലിജോ ജോസ് (37) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് ബസ് എടത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുവഴി പോകുന്ന ഭൂരിഭാഗം ബസുകളും എയർ ഹോൺ മുഴക്കാറുണ്ട്. ഇതേ തുടർന്ന്നാട്ടുകാരും വ്യാപാരികളും ചേർന്ന് ഇന്നലെ രാവിലെ മുതൽ ബസ് ജീവനക്കാരെ ബോധവത്കരിച്ചിരുന്നു. ഇതിൻറെ പേരിൽ ആലുവ - പെരുമ്പാവൂർ റൂട്ടിലോടുന്ന കെ.എൽ 05 എ.ബി 8070 സൽമാൻ ബസിലെ ജീവനക്കാരുമായി തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി വൈകിട്ട് ബസിലെ ജീവനക്കാർക്ക് പുറമെ ഗുണ്ടകളുമായെത്തി ബസ് നിർത്തിയിട്ട് ഹോൺ മുഴുക്കി ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നത്രെ.
നിർത്തിയിട്ട് എയർ ഹോൺ മുഴുക്കിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടയിൽ ബസിൽ നിന്നും ഇറങ്ങിവന്ന ഏഴ് പേർ നാട്ടുകാരെ മർദ്ദിച്ചു. കൂടുതൽ നാട്ടുകാരെത്തി ബസ് തടഞ്ഞിടുകയും എടത്തല പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. ബസിലുണ്ടായിരുന്ന നാട്ടുകാരെ മറ്റ് ബസുകളിൽ മാറ്റി കയറ്റിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.