അനാശാസ്യം: ലോഡ്ജിൽ പൊലീസ് റെയ്ഡ്; മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsആലുവ: നഗരത്തിൽ വ്യാപകമായി മാറിയ അനാശാസ്യ കേന്ദ്രങ്ങൾക്കെതിരെ പരാതി ശക്തമായതോടെ പൊലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ വിവാദ ലോഡ്ജിൽ റെയ്ഡ് നടത്തി.
മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കുശേഷം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ലോഡ്ജ് നടത്തിപ്പുകാരനും ഇടപാടുകാരായ ഒരു പുരുഷനെയും സ്ത്രീയെയുമാണ് പിടികൂടിയതെന്നാണ് സൂചന. ഉച്ചക്കുശേഷം പൊലീസുകാർ മഫ്തിയിലടക്കം ഇവിടെ നിരീക്ഷണം നടത്തിയിരുന്നു.
വൈകീട്ടോടെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന ആരംഭിച്ചു. തുടർന്ന് സി.ഐ, ഡിവൈ.എസ്.പി എന്നിവരുമെത്തി. വനിത പൊലീസടക്കം വൻ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. രാത്രി ഒമ്പതോടെയാണ് മൂന്നുപേരെയുംകൊണ്ട് പൊലീസ് മടങ്ങിയത്. ഇവിടെ അനാശാസ്യ പ്രവർത്തകരുടെ തിരക്ക് കൂടുതലാണ്. എന്നാൽ, വൈകീട്ട് മുതൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നതിനാൽ ഇന്നലെ തിരക്ക് കുറഞ്ഞതായാണ് കണക്കാക്കുന്നത്.
ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ചുള്ള ഗുണ്ടായിസവും കൊണ്ട് പൊറുതിമുട്ടിയ വ്യാപാരികളാണ് ഇതിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതു സംബന്ധമായി മാധ്യമത്തിൽ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ലോഡ്ജിനെതിരെ പൊലീസ് നീക്കം ആരംഭിച്ചത്.
മാർക്കറ്റ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന അമ്പിളി ലോഡ്ജിനെതിരെ 60 ഓളം വ്യാപാരികളാണ് പൊലീസിൽ പരാതി നൽകിയത്. ലോഡ്ജ് മാനേജറുടെ നേതൃത്വത്തിലാണ് ഗുണ്ടാ അക്രമങ്ങൾ നടക്കുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു. കുറച്ച് ദിവസം മുമ്പ് അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് ഇയാളും ഗുണ്ടകളും ചേർന്ന് ഒരാളുടെ തല അടിച്ച് പൊട്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.