കെ റെയിലിനെതിരെ പ്രതിഷേധം കനക്കുന്നു; സായാഹ്ന ധർണ്ണയുമായി കുടുംബിനികളും
text_fieldsആലുവ: ആവശ്യമായ പഠനം പോലും നടത്താതെയും കേന്ദ്രാനുമതി ലഭിക്കാതെയും എല്ലാ വർഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മഹിള കൊൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ആലുവ നഗരസഭ വൈസ് ചെയർപേഴ്സനുമായ ജെബി മേത്തർ പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരസമിതി കുട്ടമശ്ശേരി യൂനിറ്റ് കമ്മിറ്റിയുടെയും വനിത സമരസമിതിയുടെയും നേതൃത്വത്തിൽ തോട്ടുമുഖം മഹിളാലയം കവലയിൽ സംഘടിപ്പിച്ച കുടുംബിനികളുടെ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെബി മേത്തർ.
മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ റെയിൽ സമര സമിതി നേതാവ് ശരണ്യ രാജ് കെ റെയിൽ വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, കെ റെയിൽ സമര സമിതി ജില്ല പ്രസിഡൻറ് വിനു കുര്യാക്കോസ്, കീഴ്മാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസീല ഷിഹാബ്, ആബിദ അബ്ദുൽ ഖാദർ, നജീബ് പെരിങ്ങാട്ട്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ലൈസ സെബാസ്റ്റ്യൻ, സീപോർട്ട് - എയർപോർട്ട് റോഡ് ഇരയും സമര നായികയുമായ ആൻസി ടീച്ചർ (ഏലിയാമ്മ ജോസഫ്), എന്നിവർ സംസാരിച്ചു. സമരസമിതി സംഘാടക മാരിയ അബു അധ്യക്ഷത വഹിച്ചു. ഫാത്തിമ അബ്ബാസ് സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.
കെ റെയിൽ കടന്നുപോകുന്ന ചൊവ്വര ഫെറി കവലയിൽ നിന്നും പ്രകടനമായിട്ടാണ് വനിതകൾ ധർണ നടക്കുന്ന മഹിളാലയം കവലയിൽ എത്തിയത്. പ്രകടനം കെ റെയിൽ സമരസമിതി ജില്ല ജനറൽ സെക്രട്ടറി സി.കെ. ശിവദാസ് ഉദ്ഘാടനം ചെയ്തു. സമരസമിതി യൂനിറ്റ് പ്രസിഡൻറ് ഇസ്മയിൽ, സക്കറിയ, പി.പി.മുഹമ്മദ്, ബിന്നർ, സുധീർ, ഷീന നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.