എടയപ്പുറത്തെ അനധികൃത കാർബൺ കമ്പനി നാട്ടുകാർ ഉപരോധിച്ചു
text_fieldsആലുവ: അനധികൃതമായി എടയപ്പുറത്ത് പ്രവർത്തനം ആരംഭിച്ച കാർബൺ കമ്പനി ജനകീയ സമിതി ഉപരോധിച്ചു. അന്തരീക്ഷ മലിനീകരണം കാരണം വർഷങ്ങളായി പഞ്ചായത്ത് ലൈസൻസ് ലഭിക്കാതെ പ്രവർത്തന രഹിതമായിക്കിടക്കുകയായിരുന്നു എവറസ്റ്റ് കാർബൺ കമ്പനി. എന്നാൽ, ഇപ്പോൾ കമ്പനിയുടേയും ഉടമയുടേയും പേര് മാറ്റി പുതിയൊരു പേരിൽ എടയപ്പുറത്ത് ജനങ്ങൾ തിങ്ങി പാർക്കുന്നിടത്ത് വീണ്ടും പ്രവർത്തനമാരംഭിച്ചിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതിനെതിരെ നാട്ടുകാർ നാളുകളായി പ്രക്ഷോഭത്തിലാണ്. കമ്പനിക്കെതിരെ പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുറച്ചു ദിവസം മുൻപ് പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഉപരോധിച്ചിരുന്നു. എന്നിട്ടും സ്റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്ത് തയ്യാറായില്ലത്രെ. ഇതേ തുടർന്നാണ് കാർബൺ കമ്പനി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 60 ഓളം പേർ അടങ്ങുന്ന സമീപ വാസികൾ തിങ്കളാഴ്ച്ച കമ്പനി തുറക്കുന്നത് തടഞ്ഞതെന്ന് പ്രസിഡൻറ് സി.എസ്. അജിതൻ, സെക്രട്ടറി എം.എം. അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐ നോബിളിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കമ്പനി തൽക്കാലം പ്രവർത്തിപ്പിക്കില്ലെന്ന് ഉടമ ഉറപ്പ് നൽകി. ഇതേ തുടർന്ന് പ്രതിഷേധക്കാർ കമ്പനി ഗേറ്റിൽ യോഗം നടത്തി. സമിതി പ്രസിഡൻറ് സി.എസ്. അജിതൻ അധ്യക്ഷത വഹിച്ചു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നിന്നും കമ്പനി എത്രയും വേഗം മാറ്റി സ്ഥാപിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുൻ പഞ്ചായത്ത് അംഗം കാജ മൂസ, വി.എ. റഷീദ്, പി.എ.സിദ്ധിക്, സി.എസ്.സജീവൻ, അബ്ദുൽ ഗഫൂർ എന്നിവർ സംസാച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.