അന്ന് മരണവുമായി മല്ലിട്ടു; ഇന്ന് നീറും ഓർമകളിലവർ ഒത്തുചേർന്നു
text_fieldsആലുവ: മരണത്തോട് മല്ലിട്ട ആ സമയം അവർ ഒരിക്കൽകൂടെ ഓർത്തെടുത്തു. ജീവിതം തിരികെ നൽകാൻ കഠിനപ്രയത്നം നടത്തിയ ഡോക്ടർമാരോടും നഴ്സുമാരോടും നന്ദിപറയവെ പലരും വിതുമ്പി. വൈകാരിക നിമിഷങ്ങളുടെ സംഗമവേദിയായി മാറി ആലുവ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച പുനർജനി പരിപാടി.
മൂന്നാർ യാത്രക്കുപോയി മടങ്ങവെ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ അനുഭവവും ഗർഭിണിയാണെന്ന് മനസ്സിലാക്കിയപ്പോൾ ഡോക്ടർമാർ നൽകിയ പിന്തുണയും തൃശൂർ സ്വദേശി ജിസ്ന പറഞ്ഞപ്പോൾ സദസ്സിന്റെയും കണ്ണ് നിറഞ്ഞു. രാജഗിരി ക്രിട്ടിക്കൽ കെയർ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറിലധികം പേരാണ് പഴയ ഓർമകളിൽ ഒത്തുകൂടിയത്. സിനിമതാരം ഷറഫുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോട്ടയം സ്വദേശി നെവിസിന്റെ ഓർമകളിൽ പിതാവ് സാജനും കുടുംബവും ചടങ്ങിനെത്തി. മരിച്ച മകന് പകരമായി ആറ് മക്കളെയാണ് തങ്ങൾക്ക് കിട്ടിയതെന്ന് പിതാവ് സാജൻ പറഞ്ഞപ്പോൾ സദസ്സിനും കരച്ചിലടക്കാനായില്ല. രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. റേഡിയോ അവതാരകരായ ആശാലത, ബാലകൃഷ്ണൻ പെരിയ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, മെഡിക്കൽ ഡയറക്ടർ ഡോ. ശിവ്കുമാർ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി.ഓരത്തേൽ, ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.