ഒറ്റ മഴക്ക് ആലുവ വെള്ളക്കെട്ടിൽ
text_fieldsആലുവ: ഒറ്റ മഴക്ക് ആലുവ വീണ്ടും വെള്ളക്കെട്ടിൽ. ശനിയാഴ്ച വൈകീട്ടുണ്ടായ മഴയിൽ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. നഗരത്തിന്റെ പ്രധാന റോഡുകളെല്ലാം മണിക്കൂറുകളോളം വെള്ളത്തിനടിയിലായി. റോഡുകളിലും കവലകളിലും വെള്ളം നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മാർക്കറ്റ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, ബാങ്ക് കവലക്കും ഗ്രാൻഡ് കവലക്കും ഇടയിലുള്ള ഭാഗം, ബാങ്ക് കവല-കടത്തുകടവ് റോഡ്, ബസ് സ്റ്റാൻഡിന് മുൻവശത്തെ അൻവർ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി, ബൈപാസ് അടിപ്പാതകൾ, എറണാകുളം റോഡ്, മെട്രോ സ്റ്റേഷൻ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ വെള്ളക്കെട്ടുണ്ടായത്.
ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് മാർക്കറ്റ് റോഡിലും അൻവർ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലും മുട്ടിനു മുകളിൽ വെള്ളം കയറി. മാർക്കറ്റ് റോഡിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ലൈബ്രറി റോഡ് ശാന്തി നഗർ പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളിലും വെള്ളക്കെട്ടുണ്ടായി. നിരവധി വീടുകളുള്ള ഈ പ്രദേശത്ത് താമസിക്കുന്നവർ മണിക്കൂറുകളോളം വീടുകളിൽ കുടുങ്ങി.
അൻവർ ആശുപത്രി റോഡിൽ ആശുപത്രിക്ക് പുറമെ പാലിയേറ്റിവ് സെന്റർ, മസ്ജിദ് അൽ അൻസാർ, ബോയ്സ് സ്കൂൾ, കെ.എസ്.ഇ.ബി, ഡോ. ടോണീസ് കണ്ണാശുപത്രി, നിരവധി വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങിയവ റോഡിന് അനുബന്ധമായി ഉണ്ട്. മെട്രോ നഗര സൗന്ദര്യവത്കരണ ഭാഗമായി കാനകൾ പുനർനിർമിക്കുന്നുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകുന്നില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പഴയ കാനകളിൽ മാലിന്യം നിറഞ്ഞു.
ബൈപാസ് അടിപ്പാതകളിലും കാനകളാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. ചാറ്റൽ മഴയിൽപോലും ഇവിടെ വെള്ളം കെട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വർഷങ്ങളായി ഇതാണ് അവസ്ഥ. മെട്രോ സ്റ്റേഷൻ ഭാഗത്ത് ബ്രിഡ്ജ് റോഡിലെ കനകളിൽനിന്നുള്ള വെള്ളം വലിയ ചതുപ്പിലാണ് ഒഴുകിയെത്തിയിരുന്നത്. എന്നാൽ, ഈ ചതുപ്പ് നികത്തി മെട്രോ സ്റ്റേഷൻ പാർക്കിങ് ഏരിയയാക്കിയതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറുന്ന അവസ്ഥയായി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതുമൂലം നിരവധി സാധന സാമഗ്രികൾ നശിച്ചു. പലർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടായി. വെള്ളക്കെട്ട് നഗരത്തിലും ദേശീയപാതയിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.