അരയ്ക്കുതാഴെ ശേഷിയില്ലാത്ത രതീഷ് നീന്തിക്കയറി; പെരിയാറിന്‍റെ ചരിത്രത്തിലേക്ക്
text_fieldsആലുവ: അരയ്ക്കുതാഴെ ശേഷിയില്ലാത്ത രതീഷ് നീന്തിക്കയറിയത് പെരിയാറിന്‍റെ ചരിത്രത്തിലേക്ക്. രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴേക്കുതളർന്ന 39 വയസ്സുള്ള ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ രതീഷാണ് ആലുവ പെരിയാറിനെ കീഴടക്കിയത്. ഒന്നരകിലോമീറ്ററോളമാണ് പെരിയാറിന് കുറുകെ നീന്തിയത്. 12 വർഷമായി അയ്യായിരത്തോളം പേരെ സൗജന്യമായി നീന്തൽ പഠിപ്പിച്ച സജി വാളശ്ശേരിയുടെ പരിശീലനത്തിലാണ് രതീഷ് നീന്തൽ പരിശീലിച്ചത്.
വ്യാഴാഴ്ച രാവിലെ 7.50ന് ആശ്രമം കടവിൽ ബെന്നി ബഹനാൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. ഒരു മണിക്കൂറും 10 മിനിറ്റും എടുത്താണ് ഒന്നര കിലോമീറ്റർ കടന്ന് മണപ്പുറം ദേശം കടവിൽ നീന്തിക്കയറിയത്. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു, മുനിസിപ്പൽ കൗൺസിലർമാരായ വി.എൻ. സുനീഷ്, ശ്രീലത വിനോദ്‌കുമാർ, കരുമാല്ലൂർ പഞ്ചായത്ത് അംഗം റംല ലത്തീഫ്, സിനിമ നടൻ കൃഷ്ണശങ്കർ തുടങ്ങിയവർ ചേർന്ന് രതീഷിനെ സ്വീകരിച്ചു.
കരുമാല്ലൂർ മെത്തശ്ശേരി പുഷ്‍കരന്‍റെയും ലളിതയുടെയും മകനാണ് രതീഷ്. അഞ്ചു വയസ്സായ ഇഷാൻ മകനാണ്. മികച്ച കലാകാരനായ രതീഷ് പോർട്രേയ്റ്റ് ഡ്രോയിങ്ങിലും അക്രിലിക് പെയിൻറിങ്ങിലും സമർഥനാണ്. നീന്തൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി രതീഷ് പുഴയിലിറങ്ങിയത്. സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ വെറും 22 ദിവസം കൊണ്ടാണ് നീന്തൽ പഠിച്ച് ഒന്നര കിലോമീറ്ററോളം നീന്തിയത്. ഇതിന് മുമ്പ് വിവിധ ശാരീരിക ബുദ്ധിമുട്ടുകളുള്ള നിരവധിയാളുകളെ സജി നീന്തൽ പഠിപ്പിച്ച് പെരിയാറിന് കുറുകെ നീന്തിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ദൂരം നീന്തുന്നതും രതീഷാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.