ആലുവ പാലസിലെ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച നിലയിൽ
text_fieldsആലുവ: ആലുവ പാലസിൽ വർഷങ്ങളായി തുടരുന്ന നവീകരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ച അവസ്‌ഥയിൽ. കോടികൾ മുടക്കിയ നവീകരണ പദ്ധതികളിലാണ് പാളിച്ച സംഭവിച്ചിരിക്കുന്നത്. ഇതോടെ ഏറെ പഴക്കുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ പാലസ് മന്ദിരം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ പ്രവർത്തിച്ചിരുന്ന ഗസ്റ്റ് ഹൗസിന്‍റെ പ്രവർത്തനം 2017ൽ പാലസ് അനക്‌സ് മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് പഴയ പാലസ് നവീകരണത്തിനായി അടച്ചുപൂട്ടിയത്.
നവീകരണ പദ്ധതിക്കിടയിലാണ് 2018ലെ പ്രളയമുണ്ടായത്. പെരിയാർ തീരത്തുള്ള പാലസിലും അന്ന് വലിയ തോതിൽ വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് മുറികളിൽ അടിഞ്ഞുകൂടിയ ചെളി നീക്കിയതല്ലാതെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. ഇതോടെ മുറികളെല്ലാം ചിതലും മാറാലയും നിറഞ്ഞ് നശിക്കുകയാണ്. കെട്ടിടത്തിലേക്ക് വള്ളിപ്പടർപ്പുകളും കയറി.
പുതിയ അനക്സ് മന്ദിരം തുറന്നതോടെ പൈതൃക കെട്ടിടമായ പഴയ പാലസ് നവീകരിക്കുന്നതിന് ടൂറിസം വകുപ്പ് രണ്ട് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മുകേന കരാറും നൽകി. ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയായിരുന്നു ലക്ഷ്യം. ലിഫ്റ്റ് സംവിധാനവും പഴയ പാലസിൽ നിന്നും പുതിയ പാലസിലേക്ക് ഒന്നാം നിലയിൽ നടപ്പാലവുമെല്ലാം പദ്ധതിയിലുണ്ടായിരുന്നു. ഇതിനിടയിലാണ് 2018ലെ മഹാപ്രളയം ഉണ്ടായത്. ഇതോടെ കരാർ കാലാവധി അവസാനിച്ചതിനാൽ പൊതുമരാമത്ത് വകുപ്പിലെ കരാറുകാരൻ നിർമ്മാണം ഉപേക്ഷിച്ചുപോയി. പിന്നീടാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തത്.
കെട്ടിടം നവീകരണത്തിന് പുറമെ ലാൻഡ് സ്കേപ്പിംഗിന് കൂടി ചേർത്ത് 6.5 കോടി രൂപക്കാണ് ഊരാളുങ്കൽ കരാറെടുത്തത്. ഭരണാനുമതി ലഭിച്ച ശേഷം സാങ്കേതികാനുമതിക്കായി കാത്തുനിൽക്കുന്നതിനിടെ ഊരാളുങ്കലും വിട്ടുപോവുകയായിരുന്നു. ഊരാളുങ്കലിന് അനർഹമായി കരാർ നൽകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇവർ ഒഴിഞ്ഞതെന്നാണ് പറയപ്പെടുന്നത്. ഊരാളുങ്കൽ കൈയ്യൊഴിഞ്ഞതോടെ ബന്ധപ്പെട്ട അധികൃതരും പാലസിനെ തഴയുകയായിരുന്നു. അതിനാൽ തന്നെ ടൂറിസം വകുപ്പോ ബന്ധപ്പെട്ടവരാരോ തിരിഞ്ഞുനോക്കാത്ത അവസ്ഥയായി.
വല്ലപ്പോഴും ഔദ്യോഗിക യോഗങ്ങൾ മാത്രമാണ് ഇവിടെ നടക്കാറുള്ളത്. അതിനാൽ തന്നെ മുകളിലെ നിലയിലെ ഹാൾ മാത്രം വൃത്തിയാക്കിയിട്ടുണ്ട്. ഇടനാഴികളെല്ലാം വള്ളിപ്പടർപ്പും മാറാലയും പിടിച്ച് കിടക്കുകയാണ്. അനക്സ് മന്ദിരത്തിൽ കോൺഫ്രൻസ് ഹാൾ ഇല്ലാത്തതിനാൽ മാത്രമാണ് പഴയ കെട്ടിടത്തിലെ ഹാൾ എങ്കിലും ഉപയോഗിക്കുന്നത്. അല്ലെങ്കിൽ അതും ഇതിനകം നശിക്കുമായിരുന്നു. വില പിടിപ്പുള്ളതും പഴക്കമേറിയതുമായ ഈ കെട്ടിടത്തിലെ ഫർണിച്ചറുകളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. തിരുവിതാംകൂർ മഹാരാജാവിന്‍റെ വേനൽക്കാല വസതിയായിരുന്നു ആലുവ പാലസ്.
സ്വാതന്ത്യം ലഭിച്ച ശേഷം ടൂറിസം വകുപ്പിന്‍റെ അതിഥി മന്ദിരമാണിത്. രാഷ്ട്രീയ സാംസ്‌കാരിക സിനിമ മേഖലയിലുള്ള നിരവധി പേർ തങ്ങിയ സ്‌ഥലമാണിത്. മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ മധ്യകേരളത്തിൽ എവിടെയെത്തിയാലും പാലസിലാണ് തങ്ങാറുള്ളത്. ഇവിടെ പ്രത്യേക മുറി തന്നെ അദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.