മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്
text_fieldsആലുവ: മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്. രണ്ടിൽ കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതുവരെ 26 പേർക്കെതിരെ കരുതൽ തടങ്കലിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒമ്പത് പേർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം ഒരു വർഷം വരെ വിചാരണ കൂടാതെ അഴികൾക്കുള്ളിൽ കഴിയേണ്ടിവരും. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്ന നടപടികളും ഊർജ്ജിതമായി നടക്കുന്നു. ഇതുവരെ 22 പേർക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യവും റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടക്കുന്നുണ്ട്. അങ്കമാലിയിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എട്ട് പ്രതികൾക്ക് കഠിന ശിക്ഷയാണ് ലഭിച്ചത്. കേസിൽ അനസ് എന്നയാൾക്ക് 36 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും, രണ്ടാം പ്രതി ഫൈസലിന് 24 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, വർഷയ്ക്ക് 12 വർഷം തടവിനും ഈ കേസിൽ വിധിച്ചിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ആറ് മാസത്തിനുള്ളിൽ റൂറൽ ജില്ലയിൽ 800 മയക്ക്മരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്നരക്കിലോയോളം എം.ഡി.എം.എ പിടികൂടി.
എഴുപതിലേറെ എൽ.എസ്.ഡി സ്റ്റാമ്പുകളും, 75 കിലോയോളം കഞ്ചാവും, 800 ഓളം ലഹരി ബീഡികളും. 40 ഗ്രാം ഹെറോയിനും , 10 ഗ്രാം മെത്തും, ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി റൂറൽ ജില്ലയിൽ നിന്നും പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.