നീന്തൽ പരിശീലനം ആരംഭിക്കാൻ കഴിയാതെ സജി; നിരാശയോടെ പഠിതാക്കൾ
text_fieldsആലുവ: പെരിയാറിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വർഷങ്ങളായി നടന്നു വരുന്ന നീന്തൽ പരിശീലനം ഈ വർഷം ആരംഭിക്കാനായിട്ടില്ല. നൂറുകണക്കിനാളുകളെയാണ് എല്ലാ വർഷവും സൗജന്യമായി പരിശീലിപ്പിക്കാറുള്ളത്. പെരിയാറിലെ വിദഗ്ധ നീന്തൽ പരിശീലകനായ സജി വാളാശേരിയാണ് പരിശീലനം നൽകുന്നത്. മണപ്പുറം ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലരുടെ എതിർപ്പാണ് സംയുക്തമായ നീന്തൽ പരിശീലനത്തിന് തടസമായി വന്നിരിക്കുന്നത്. നീന്തൽ പരിശീലനം ആരംഭിക്കാത്തതിനാൽ പഠിതാക്കൾ നിരാശയിലാണ്. കഴിഞ്ഞ 12 വർഷമായി ആലുവ മണപ്പുറത്ത് ശിവ ക്ഷേത്രത്തിനടുത്തുള്ള കടവിലാണ് പരീശീലിപ്പിച്ചിരുന്നത്. എന്നാൽ, ഈ വർഷം ഇവിടെ പരിശീലനം നൽകുന്നതിന് ചില എതിർപ്പുകൾ ഉയർന്നു വരികയായിരുന്നു. അതാണ് നീന്തൽ പരിശീലനം ആരംഭിക്കാൻ വൈകുന്നത്.
കുട്ടികളെയും മുതിർന്നവരെയും നീന്തൽ പഠിപ്പിക്കുവാനായി ക്ഷേത്ര ഭാരവാഹികളുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് സജി. അനുമതി ലഭിച്ചാൽ, കോവിഡ് വ്യാപനം കഴിഞ്ഞ് പഴയ പോലെ പരിശീലനം ആരംഭിക്കും. ഈ കടവിൽ ഒരു ദിവസം ആയിരം പേർക്ക് വരെ മൂന്ന് ബാച്ചുകളിലായി പഠിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിട്ടുണ്ടെന്ന് സജി വാളാശേരിൽ പറഞ്ഞു. നീന്തൽ പഠിക്കുവാൻ വരുന്നവർ തന്നെയാണ് സുരക്ഷാക്രമീകരണങ്ങൾക്കുള്ള ചിലവുകൾ വഹിക്കുന്നത്. ട്യൂബുകൾ, ലൈഫ് ജാക്കറ്റ്, വള്ളം, ബോട്ട്, ആംബുലൻസ് തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളോട് കൂടിയാണ് എല്ലാ ദിവസവും പെരിയാറിൽ പരിശീലനം നടത്താറുള്ളത്.
13 വർഷമായി പെരിയാറിൽ സജി വാളശ്ശേരി സൗജന്യമായി നീന്തൽ പഠിപ്പിക്കാനാരംഭിച്ചിട്ട്. കഴിഞ്ഞ 12 വർഷം കൊണ്ട് വാളശ്ശേരി റിവർ സ്വിമ്മിങ് ക്ലബ്ബിൽ 5000ത്തോളം പേരെ നീന്തൽ പരിശീലിപ്പിച്ചിട്ടുണ്ട്. ഇവരിൽ 1500ൽ അധികം പേർ പെരിയാർ നീന്തിക്കടന്നിരുന്നു. പുഴയുടെ ഏറ്റവും വീതിയും ആഴവുമേറിയ അദ്വൈതാശ്രമം കടവിൽ നിന്നും മണപുറത്തേക്കാണ് പരിശീലനം പൂർത്തിയായവരുടെ സാഹസിക നീന്തൽ നടത്താറുള്ളത്. ജന്മനാ നട്ടെലിന് വൈകല്യമുള്ള കൃഷ്ണ എസ്. കമ്മത്ത്, ഇരു കണ്ണിനും കാഴ്ചയില്ലാത്ത നവനീത്, മനോജ്, ഐബിൻ എന്നിവരും ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത ആദിത്, അഞ്ചര വയസുകാരി നിവേദിത, ജന്മനാ വലത് കൈക്കു സ്വധീനമില്ലാത്ത 51കാരൻ രാധാകൃഷ്ണൻ, പോളിയോ ബാധിച്ച് വലതുകാലിന്‍റെ സ്വാധീനം നഷ്ടപെട്ട റോജി ജോസഫ് എന്നിവർ ഈ 1500 പേരിൽ ഉൾപെടുന്നവരാണ്.
വേമ്പനാട്ടു കായലിന്‍റെ ഏറ്റവും വീതികൂടിയ ഭാഗമായ കോട്ടയം കുമരകം മുതൽ ആലപ്പുഴ മുഹമ്മ വരെയുള്ള ഒൻപതു കിലോമീറ്റർ നീന്തി കടന്നു ചരിത്രത്തിൽ ഇടം നേടിയ ആദ്യ വനിതയായ മാളു ഷെയ്ക്കയെ പരിശീലിപ്പിച്ചത് സജിയാണ്. കൃഷ്ണവേണി, ആദിത്യ, അദ്വൈത് എന്നിവരും സജി വാളശേരി പരിശീലനം നൽകി വേമ്പനാട്ടുകായലിന്റെ ഈ ഭാഗം നീന്തിക്കടന്നവരാണ്. ജന്മനാ ഇരുകൈകൾ ഇല്ലാത്തതും നിരവധി ശാരീരിക വെല്ലുവിളികൾ നേരിടുന്നയാളുമായ 15കാരൻ മുഹമ്മദ് ആസീം (ആസീം വെളിമ്മണ്ണ), ട്രെയിനപകടത്തിൽ മുട്ടിന് താഴെ ഇരുകാലുകളും അറ്റുപോയ കൊല്ലം സ്വദേശിയും കാക്കനാട് സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഷാൻ (29), എഴുപത് വയസിലേക്ക് കടക്കുന്ന ആലുവ തായിക്കാട്ടുകര മനക്കപറമ്പിൽ മുഹമ്മദ് കുഞ്ഞിന്‍റെ ഭാര്യ ആരിഫ, മാള അന്നമനട ചെറുവാളൂർ കാട്ടുകണ്ടത്തിൽ വിശ്വംഭരൻ (70) എന്നിവർക്ക് മാത്രമാണ് ഈ വർഷം പരിശീലനം ലഭിച്ചത്.
മണപ്പുറം കടവിൽ പ്രതിസന്ധിയുള്ളതിനാൽ ഇവർക്ക് മാത്രമായി മണപ്പുറം ദേശം കടവിലാണ് പ്രത്യേക പരിശീലനം നൽകുകയായിരുന്നു. ഇവിടെ കൂടുതൽ പേർക്ക് ഒരുമിച്ച് പരിശീലനം നടത്താൻ കഴിയില്ല. ഇതിൽ ആരിഫ, വിശ്വംഭരൻ, ഷാൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പെരിയാർ നീന്തി കടന്നിരുന്നു. മുഹമ്മദ് ആസീം അടുത്ത ദിവസം പെരിയാർ നീന്തിക്കടക്കാനുള്ള ഒരുക്കത്തിലാണ്. കൂട്ടമായി പരിശീലനം നടത്തുബോൾ സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം മണപ്പുറത്ത് കിടക്കുകയാണ്. നീന്തൽ അറിയാത്തതിന്‍റെ പേരിൽ പെരിയാറിൽ വീണ് ആരും മരിക്കരുത് എന്ന ലക്ഷ്യത്തോടെ പരിശീലനം ആരംഭിച്ച സജി എല്ലാം ഉടൻ ശരിയാകുമെന്നുള്ള വിശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.