മണൽ മാഫിയ കാർന്നുതിന്നുന്ന പരുന്തുറാഞ്ചി മണപ്പുറം
text_fieldsആലുവ: പരിസ്ഥിതി പ്രാധാന്യമേറെയുള്ള പരുന്തുറാഞ്ചി മണപ്പുറത്തെ കാർന്നുതിന്ന് മണൽ മാഫിയ. തോട്ടുമുഖത്ത് പെരിയാറിന് നടുവിലെ മണപ്പുറത്തിന് സംരക്ഷണ ഭിത്തിയില്ലാത്തത് പുഴയിലേക്ക് ഇടിഞ്ഞുവീഴുന്നതിന് ഇടയാക്കുന്നു. ഇത് മുതലാക്കിയാണ് മണപ്പുറത്തിന്റെ വശങ്ങൾ ഇടിച്ച് മണൽ കടത്തുന്നത്. അധികൃതരുടെ അനാസ്ഥമൂലം പരിസ്ഥിതി പ്രാധാന്യമുള്ള ഒരു പ്രദേശം ഇല്ലാതാകുന്നതിനൊപ്പം മനോഹരമായ പ്രദേശത്തെ ടൂറിസം സ്വപ്നവും പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു.
ലക്ഷങ്ങൾ ചെലവഴിച്ച ശേഷം വിനോദസഞ്ചാര പദ്ധതി നിശ്ചലമാക്കിയതാണ് മണൽ മാഫിയ ഇവിടെ പിടിമുറുക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്. 40 ഏക്കറോളമുണ്ടായിരുന്ന മണപ്പുറം നിലവിൽ പകുതിയായി. ത്രിതല സമിതികളും സർക്കാറുമെല്ലാം നിരവധി പദ്ധതികൾ പലപ്പോഴായി പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായില്ല. ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലാണ് സ്ഥലം. പെരിയാറിന്റെ ഒരു കര കീഴ്മാട് ഗ്രാമപഞ്ചായത്തും മറുകര ചെങ്ങമനാടുമാണ്.
കീഴ്മാട് ഗ്രാമപഞ്ചായത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മണൽമാഫിയ അവ പുഴയിലൊഴുക്കി. പ്രളയത്തിൽ പൂർണമായും വെള്ളത്തിനടിയിലായ മണപ്പുറം, വെള്ളമിറങ്ങിയപ്പോൾ മരുഭൂമിക്ക് തുല്യമായി മാറിയിരുന്നു. പിന്നീട് വീണ്ടും പച്ചപ്പണിയുകയായിരുന്നു. 2008ൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ആലുവ കുട്ടിവനത്തെയും പരുന്തുറാഞ്ചിയെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് ഇറിഗേഷൻ വകുപ്പ് 20 കോടിയുടെ പദ്ധതി തയാറാക്കിയെങ്കിലും നടന്നില്ല. പിന്നീട് പരുന്തുറാഞ്ചിയിൽ രണ്ടുഘട്ടങ്ങളിലായി 70 ലക്ഷത്തിന്റെ ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 35 ലക്ഷം ചെലവഴിച്ചെങ്കിലും ഉദ്ഘാടനംപോലും നടന്നില്ല. ആലുവ മണപ്പുറം കുട്ടിവനവും പരുന്തുറാഞ്ചി മണപ്പുറവും ബന്ധിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതിക്ക് അൻവർ സാദത്ത് എം.എൽ.എയും മുൻ കൈയെടുത്തിരുന്നു. കേന്ദ്ര സഹായത്തോടെ പദ്ധതി ആവിഷ്കരിക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.