ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ബിൽ അടക്കാനായില്ല; ആശുപത്രി വിടാനാകാതെ ശിൽപി
text_fieldsആലുവ: ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ശിൽപി ബിൽ അടക്കാനാകാതെ ആശുപത്രിയിൽ തന്നെ കഴിയുന്നു. കീഴ്മാട് സ്വദേശിയും ദലിത് പ്രവർത്തകനുമായ ശിവൻ മുതിരക്കാടാണ് സുഖംപ്രാപിച്ചിട്ടും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ കഴിയുന്നത്.
കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രമുഖ പാർക്കുകളിലും റിസോർട്ടുകളിലും നിരവധി ശിൽപ്പങ്ങൾ ഇദ്ദേഹം തീർത്തിട്ടുണ്ട്. ലോക് ഡൗണിനെ തുടർന്ന് തൊഴിലില്ലാതെ വിഷമത്തിലായിരുന്നു ഇദ്ദേഹം. പൊടുന്നനെയാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. തുടർന്ന് പരിശോധനയിൽ 99 ശതമാനം ബ്ലോക്ക് കണ്ടെത്തിയതിനാൽ അടിയന്തിര ചികിത്സ വേണ്ടി വന്നു.
അൻവർ സാദത്ത് എം.എൽ.എ പട്ടികജാതി പട്ടികവകുപ്പിലേക്ക് ചികിത്സാ സഹായത്തിനായി ശുപാർശ നൽകിയെങ്കിലും സഹായധനം ലഭിക്കാൻ കാലതാമസമുണ്ടാകും.
ഒന്നര ലക്ഷത്തോളം രൂപയാണ് ചികിത്സാ ഫീസായി ആശുപത്രിയിൽ അടക്കേണ്ടത്. മാസങ്ങളായി ബില്ലടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതിയും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. സുമനസുകൾ സഹായം നൽകുമെന്ന പ്രതീക്ഷയിലാണിദ്ദേഹം.
ഇതിനായി സാഹോദരി പി.കെ.ഗീതയുടെ പേരിൽ ചികിത്സാസഹായത്തിനായി എസ്.ബി.ഐ ആലുവ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 35402306455, ഐ.എഫ്.എസ്.സി: SBIN 0007016, വിവരങ്ങൾക്ക് ഫോൺ: 9746375488.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.