സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ടം; സ്ഥലമെടുപ്പിന് തുക അനുവദിച്ചു
text_fieldsആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സ്ഥലമെടുപ്പിനടക്കം തുക അനുവദിച്ചു. രണ്ടാംഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിന്റെ നിർമാണത്തിനാണ് തുക അനുവദിച്ചത്. ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റേണ്ട വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുമായി 5,69,34,85,606 കോടി രൂപയാണ് അനുവദിച്ചത്.
നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്ബി ഈ പണം കൈമാറി. എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിന്റെ നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ വന്നിട്ട് 22 വർഷത്തോളമായി. ഇക്കാലയളവിൽ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും മറ്റ് ചികിത്സച്ചെലവുകൾക്കുമായി തങ്ങളുടെ സ്ഥലം വിൽക്കാനോ പുതിയ വീടുകൾ നിർമിക്കാനോ സാധിക്കാതെ സ്ഥല ഉടമകൾ ദുരിതത്തിലായിരുന്നു. വിഷയം അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഏറ്റെടുക്കേണ്ടത് 76 ഏക്കർ 10 സെന്റ്
ആലുവ: റോഡ് നിർമാണത്തിന് 76 ഏക്കർ 10 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. കൂടാതെ, ഏറ്റെടുക്കേണ്ട ഭൂമിയിൽ 28 വീടും ആറ് വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടവും പൊളിച്ചുമാറ്റേണ്ടതുണ്ട്.
സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരമായും റോഡ് നിർമാണത്തിനുമായി 649 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിർമാണത്തിനാവശ്യമായ 649 കോടി അനുവദിക്കുന്നതിന് നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കിഫ്ബിക്ക് റിക്വസ്റ്റ് ലെറ്റർ നൽകിയിട്ടുണ്ടായിരുന്നു.
കൂടാതെ, പദ്ധതിക്ക് ആവശ്യമായ തുക എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കുൾെപ്പടെ കത്തെഴുതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുമുള്ള നഷ്ടപരിഹാരമായി തുക റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് ചൊവ്വാഴ്ച കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.