സീപോർട്ട് - എയർപോർട്ട് റോഡ്: രണ്ടാംഘട്ട നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചു
text_fieldsആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചു. രണ്ടാം ഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്. റോഡിനായി 76 ഏക്കർ 10 സെൻറ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഏറ്റെടുക്കേണ്ട ഭൂമിയിൽ 28 വീടുകളും (അതിൽ നാല് വീടുകളിൽ കടകളുമുണ്ട്), ആറ് വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റേണ്ടത്.
സ്ഥലം ഏറ്റെടുക്കുന്നതിനും, കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുമായി നഷ്ടപരിഹാരമായി 619.15 കോടി രൂപയാണ് ആവശ്യമായത്. കൂടാതെ റോഡിന്റെ നിർമാണത്തിനായി 102.88 കോടി രൂപയും വേണം. അങ്ങനെ പദ്ധതി നിർവ്വഹണത്തിനായി മൊത്തം 722 .04 കോടി രൂപയാണ് ആവശ്യമായത്.
രണ്ടാം ഘട്ട നിർമ്മാണത്തിനാവശ്യമായ 722.04 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിഫ്‌ബിക്ക് റിക്വസ്റ്റ് ലെറ്റർ കൈ മാറിയിരുന്നു. കൂടാതെ പദ്ധതിക്കാവശ്യമായ തുക അനുവദിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രി, ധനകാര്യമന്ത്രി, കിഫ്ബിയുടെ സി.എം.ഡി എന്നിവർക്ക് കത്തെഴുതിയും ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ കൂടിയ കിഫ്ബിയുടെ ബോർഡ് മീറ്റിങ്ങിലാണ് സീപോർട്ട് - എയർപോർട്ട് റോഡ് നിർമാണത്തിനാവശ്യമായ 722.04 കോടി രൂപ അനുവദിച്ചതെന്ന് എം.എൽ.എ അറിയിച്ചു.
കിഫ്ബിയുടെ ബോർഡ് മീറ്റിങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡി. വേണു, കിഫ്ബി സി.എം.ഡി ഡോ കെ.എം. അബ്രഹാം എന്നിവരും പങ്കെടുത്തു. രണ്ടാംഘട്ട നിർമാണത്തിന് സ്ഥലം അളന്ന് രേഖപ്പെടുത്തിയിട്ട് കാലങ്ങളായി. എന്നാൽ, സ്ഥലം ഏറ്റെടുത്തിരുന്നില്ല. ഇതുമൂലം ഭൂവുടമകൾ ദുരിതത്തിലായിരുന്നു. പദ്ധതി അനന്തമായി നീളുന്ന സാഹചര്യത്തിൽ അൻവർ സാദത്ത് എം.എൽ.എയുടെ നിർദേശപ്രകാരം, എം.എൽ.എയുടെ സാന്നിധ്യത്തിൽ കലക്ടറുടെ ചേമ്പറിൽ എല്ലാമാസവും അവലോകന യോഗം കുടാറുണ്ടായിരുന്നു. ഇതിൻ്റെ ഫലമായാണ് ഇപ്പോൾ നടപടികളിലേക്ക് കടന്നിട്ടുള്ളത്. സീപോർട്ട് - എയർപോർട്ട് റോഡിൻ്റെ മൂന്നാം ഘട്ടമായ മഹിളാലയം പാലം മുതൽ എയർപോർട്ട് വരെയുള്ള 4.5 കിലോ മീറ്റർ റോഡ് നിർമിക്കുന്നതിനാവശ്യമായ 210 കോടി സർക്കാരിൽ സമ്മർദ്ദം ചെലുത്തി അനുവദിച്ച് എത്രയും വേഗം നിർമാണം നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.