കുലുക്കി സർബത്തിന്റെ മറവിൽ ചാരായ വിൽപന; രണ്ടുപേർ പിടിയിൽ
text_fieldsആലുവ: ഓണ വിപണി പ്രതീക്ഷിച്ച് വൻ തോതിൽ ചാരായ നിർമാണം നടത്തിയ വാറ്റുകേന്ദ്രം കണ്ടെത്തി എക്സൈസ് പ്രത്യേക സംഘം. കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽപന നടത്തി വന്ന രണ്ട് പേർ പിടിയിലായി. പുക്കാട്ടുപടി സ്വദേശിയായ, ഇപ്പോൾ തേവക്കൽ താമസിക്കുന്ന മണലിക്കാട്ടിൽ വീട്ടിൽ സന്തോഷ് (54), കാക്കനാട് കൊല്ലംകുടി മുകൾ സ്വദേശി മണ്ണാരം കുന്നത്ത് വീട്ടിൽ കിരൺ കുമാർ (35) എന്നിവരാണ് പിടിയിലായത്.
ഇവരുടെ വാഹനങ്ങളിൽനിന്നും വാടക വീട്ടിൽ നിന്നുമായി 20 ലിറ്റർ ചാരായം കണ്ടെത്തി. 950 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാല് പ്രഷർ കുക്കറുകൾ, 700 കാലി പ്ലാസ്റ്റിറ്റ് കുപ്പികൾ തുടങ്ങിയവയും ഓട്ടോറിക്ഷ, ഒരു നാനോ കാർ, രണ്ട് സ്മാർട്ട് ഫോൺ എന്നിവയും കസ്റ്റഡിയിൽ എടുത്തു.
തേവയ്ക്കൽ ഭാഗത്ത് രണ്ട് നില വീട് വാടക്ക് എടുത്ത് നാടൻ കൂലിക്കി സർബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേനയാണ് വലിയതോതിൽ അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്. വീട് വാടകക്ക് എടുത്തിരുന്നതും ഇതിന് വേണ്ടി പണം മുടക്കിയിരുന്നതും സന്തോഷാണ്.
ആവശ്യക്കാരെ കണ്ടെത്തി ഓർഡർ എടുത്തിരുന്നത് കിരൺ ആണ്. മട്ടാഞ്ചേരി പുല്ലുപാലം സ്വദേശി കുന്നത്ത് പാറ വീട്ടിൽ ലൈബിൻ എന്നയാളാണ് തേവക്കലുള്ള വാടക വീട്ടിൽ എത്തി ഓർഡർ പ്രകാരം ചാരായം വാറ്റി നൽകിയിരുന്നതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ലൈബിനെ പ്രതി ചേർത്തിട്ടുണ്ട്. ഒരാഴ്ചക്ക് മുമ്പ് അങ്ങാടി മരുന്നിന്റെ മറവിൽ വ്യാജമദ്യം വിറ്റിരുന്ന ഒരു വനിതയടക്കം മൂന്ന് പേരെ 77 കുപ്പി വ്യാജ മദ്യവുമായി എക്സൈസ് സംഘം കാക്കനാട് ഇടച്ചിറയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇവരുടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് കുലിക്കി സർബത്തിന്റെ മറവിൽ ചാരായം വിൽപ്പന നടത്തുന്ന വാറ്റാപ്പി, അങ്കിൾ എന്നിവരെക്കുറിച്ചുള്ള സൂചന സംസ്ഥാന എക്സൈസ് ടീമിന് ലഭിക്കുന്നത്. തുടർന്ന് ഇരുവരും എക്സൈസ് പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
വാറ്റുകേന്ദ്രത്തിന് കാവലായി വിദേശയിനം നായ്ക്കളും
ആലുവ: എക്സൈസ് സംഘം പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് തേവക്കലിൽ സ്ഥിതിചെയ്യുന്ന വാറ്റു കേന്ദ്രം എക്സൈസ് കണ്ടെത്തുന്നത്. വീടിനകത്തും പുറത്തുമായി മൂന്ന് വിദേശ ഇനം നായ്ക്കളെ അഴിച്ച് വിട്ടിരുന്നതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് വീട് പരിശോധിക്കാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.