പരിമിതികളെ തുഴഞ്ഞുമാറ്റി, ഷാൻ നീന്തി കയറിയത് ചരിത്രത്തിലേക്ക്
text_fieldsആലുവ: പരിമിതികളെ തുഴഞ്ഞുപിന്നിലാക്കി ഷാൻ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്. ഇരുകാലുകളും മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ട ഷാൻ പെരിയാറിൽ തീർത്തത് വിസ്മയം. തോളിലെ തകരാറുകളും ഷാനിെൻറ നിശ്ചദാർഢ്യത്തിന് മുന്നിൽ തടസ്സമായില്ല. പെരിയാറിെൻറ വീതിയേറിയ ഭാഗമായ അദ്വൈതാശ്രമം കടവില്നിന്ന് മണപ്പുറം കടവിലേക്ക് അര മണിക്കൂർ കൊണ്ടാണ് നീന്തിക്കയറിയത്. കൊല്ലം സ്വദേശിയായ ഷാൻ 2013 ൽ തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി കഴിഞ്ഞ് പാസഞ്ചർ ട്രെയിനിൽ കൊല്ലം സ്റ്റേഷനിലെത്തിയതാണ്.
ഇറങ്ങുന്നതിനിടയിൽ കാൽ തെന്നി പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീഴുകയായിരുന്നു. ഈ സമയം മുന്നോട്ടെടുത്ത തീവണ്ടിയുടെ ചക്രങ്ങൾക്കിടയിൽപ്പെട്ട കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയ ഷാൻ വെപ്പുകാലുകളുടെ സഹായത്തോടെ ജീവിതപോരാട്ടം തുടർന്നു. പിന്നീട്, കാക്കനാട് ജോലിക്കെത്തി ഇടപ്പള്ളിയിൽ താമസിക്കാൻ തുടങ്ങി. 2018ലെ പ്രളയത്തിലാണ് നീന്തൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്.
തുടർന്നാണ് പെരിയാറിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളാശ്ശേരിയുടെ അടുത്ത് എത്തിയത്. അദ്ദേഹത്തിെൻറ കീഴിൽ നടന്ന കഠിനമായ പരിശീലനത്തെ തുടർന്നാണ് അഞ്ഞൂറുമീറ്റർ വീതിയും മുപ്പതു അടി താഴ്ചയും ഉള്ള ഭാഗം തിങ്കളാഴ്ച നീന്തി കടക്കാനായത്.
2018 ൽ ചെന്നൈ മാരത്തണിൽ പങ്കെടുത്തിട്ടുള്ള ഷാൻ 2019 ൽ സൂര്യനെല്ലിയിൽ ട്രക്കിങും നടത്തിയിട്ടുണ്ട്. അദ്വൈതാശ്രമം കടവിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, കൗൺസിലർ ജെയ്സൺ പീറ്റർ, മുൻ കൗൺസിലർ ആനന്ദ് ജോർജ് എന്നിവർ പങ്കെടുത്തു. മണപ്പുറം കടവിൽ നീന്തിക്കേറിയ ഷാനിനും പരിശീലകൻ സജി വാളാശ്ശേരിക്കും കൗൺസിലർമാരായ ലിസ ജോൺസനും എൻ. ശ്രീകാന്തും ചേർന്നു സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.