സിൽവർ ലൈൻ: കീഴ്മാട് പഞ്ചായത്തിൽ സർവേ കല്ലിടൽ തടഞ്ഞു, ഉദ്യോഗസ്ഥർ മടങ്ങി
text_fieldsആലുവ: സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് കീഴ്മാട് പഞ്ചായത്തിൽ സർവേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. എട്ടാം വാർഡ് ചക്കൻകുളങ്ങര നാരേത്ത് പ്ലാന്റേഷൻ റബർ തോട്ടത്തിനകത്ത് കല്ല് സ്ഥാപിക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്.
360 ഏക്കറോളമുള്ള തോട്ടത്തിന് സമീപം പലപ്പോഴും വിജനമായിരിക്കും. ഇത് മനസ്സിലാക്കിയാണ് തോട്ടത്തിനകത്ത് ജനശ്രദ്ധ എത്താത്തിടത്ത് സർവേ കല്ല് സ്ഥാപിക്കാൻ കെ-റെയിൽ ഉദ്യോഗസ്ഥർ എത്തിയത്. വ്യാഴാഴ്ച രാവിലെ 10ഓടെ വാല്യുവേഷൻ ഓഫിസറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. എടത്തല സി.ഐ നോബിളിന്റെ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു. 12 സർവേ കല്ലുകൾ റോഡരികിൽ കൊണ്ടുവെച്ചിരുന്നു. തോട്ടത്തിനകത്ത് സർവേ നടത്തുന്നത് ശ്രദ്ധയിൽപെട്ട പരിസരത്തുണ്ടായിരുന്നവർ ഉടൻ ജനപ്രതിനിധികളെ വിവരമറിയിച്ചു.
ഇതോടെ നാട്ടുകാർ ഒന്നടങ്കം സ്ഥലത്തെത്തുകയും സർവേ തടയുകയുമായിരുന്നു. പ്രതിഷേധം കനത്തതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം കല്ലുകൾ കെ-റെയിൽ ഉദ്യോഗസ്ഥരിൽ ചിലർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. എന്നാൽ, കല്ലിടാതെ പോകാൻ കഴിയില്ലെന്ന നിലപാടിൽ മറ്റ് ഉദ്യോഗസ്ഥർ അവിടെതന്നെ തുടർന്നു. നാട്ടുകാരും സ്ഥലത്ത് തമ്പടിച്ചതോടെ അഞ്ച് ബസ് പൊലീസുകാർ കൂടിയെത്തി. വൈകീട്ട് മൂന്നോടെ സർവേ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ വീണ്ടും ശ്രമം ആരംഭിച്ചു. എന്നാൽ, വേണമെങ്കിൽ സർവേ നടത്താമെന്നും കല്ലിടാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇതിനിടെ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് ചില ഉദ്യോഗസ്ഥർ തോട്ടത്തിന്റെ പിറകുവശത്തുകൂടെ കയറി നടപടികൾ ആരംഭിക്കാൻ ശ്രമിച്ചു. ഇതറിഞ്ഞെത്തിയ പ്രതിഷേധക്കാർ അവിടെയും തടഞ്ഞു.
ഉദ്യോഗസ്ഥരെ തടഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് പല തവണ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. ഒടുവിൽ അഞ്ചുമണിയോടെ സർവേ കല്ല് സ്ഥാപിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ മടങ്ങി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.കെ. രമേശ്, പഞ്ചായത്ത് മുൻ അംഗം എം.വി. വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, വൈസ് പ്രസിഡന്റ് പി.എ. മുജീബ്, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് കരീം കല്ലുങ്കൽ, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് നൗഷാദ് തുരുത്ത്, ബി.ജെ.പി പ്രസിഡന്റ് സെന്തിൽകുമാർ, സമരസമിതി നേതാവ് ടി.എസ്. ഷറഫുദ്ദീൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വില്യം ആലത്തറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അംഗങ്ങളായ കെ.പി. സാൽവിൻ, രാജൻ പൂക്കാട്ടുപടി, എ.ഐ. ഇസ്മായീൽ, മാരിയ അബു, ടി.എസ്.നിഷാദ്, ഫാത്തിമ അബ്ബാസ്, സെയ്ദ് മുഹമ്മദ്, അലി, തൻസീർ, പ്രകാശൻ, സജീവ്കുമാർ, ജോയി, എസ്.ഡി.ടി.യു ജില്ല പ്രസിഡൻറ് റഷീദ് എടയപുറം, എസ്.ഡി.പി.ഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ സത്താർ, സെക്രട്ടറി അഷീഖ് നാലാംമൈൽ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
'ബലപ്രയോഗത്തിലൂടെ അടിച്ചേൽപിക്കുന്നത് വികസനമല്ല'
കെ-റെയിൽ പദ്ധതി നടപ്പാക്കാൻ വൻ പൊലീസ് സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും ശ്രമിക്കുന്ന സർക്കാർ ഈ പദ്ധതിയുടെ ലക്ഷ്യം വികസനമല്ലെന്ന് വ്യക്തമാക്കുകയാണെന്ന് ജില്ല കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി യോഗം ചൂണ്ടിക്കാട്ടി. ആലുവയിൽ കീഴ്മാട് പഞ്ചായത്തിലെ വിജനപ്രദേശത്ത് സാമൂഹികാഘാത പഠനത്തിന്റ മറവിൽ സർവേ നടപടികളുമായെത്തിയ ഉദ്യോഗസ്ഥർ ഉന്നത നീതിപീഠത്തെ വിഡ്ഢികളാക്കാനാണ് ശ്രമിച്ചത്.
സർവേ നടപടികളുമായി വന്നാൽ ജനാധിപത്യ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഓൺലൈനിൽ ചേർന്ന അടിയന്തര യോഗം വ്യക്തമാക്കി. ജില്ല പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സമര സമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പാറേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
ആലുവയിൽ കല്ലിടാന്‍ സമ്മതിക്കില്ല -എം.എല്‍.എ
നിയോജക മണ്ഡലത്തില്‍ കെ-റെയിലിനായി സർവേ കല്ലുകള്‍ ഇടാന്‍ സമ്മതിക്കില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ജനവികാരം മനസ്സിലാക്കി സര്‍ക്കാര്‍ ഈ പദ്ധതിയില്‍നിന്ന് പിന്മാറണം. ഇനി കല്ലുകള്‍ ഇടാന്‍ വന്നാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.