ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം
text_fieldsആലുവ: മണപ്പുറത്ത് അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വിവിധ വകുപ്പുകൾ സജ്ജീകരണങ്ങൾ ഒരുക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം സജ്ജമായിരിക്കും. സമീപത്തെ സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തും.
പ്രധാന പോയിൻറുകളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകളും സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തുന്ന വളൻറിയര്‍മാര്‍ക്ക് പുറമേ സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാരും രംഗത്തുണ്ടാകും. 24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിക്കും.
ആവശ്യമായ ഭാഗങ്ങളില്‍ അധിക തെരുവ് വിളക്കുകൾ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുണ്ട്.ഫയര്‍ ഫോഴ്സ്, സ്കൂബ ഡൈവര്‍മാരും സ്ഥലത്തുണ്ടാകും. ഫയര്‍ എക്സ്റ്റിഗ്വിഷറുകളടക്കമുള്ള സജ്ജീകരണങ്ങളുണ്ടാകും. മണപ്പുറത്ത് ശുദ്ധജലവിതരണം ഉറപ്പാക്കാനുള്ള നടപടികള്‍ ജല അതോറിറ്റി സ്വീകരിക്കും.
കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ക്വാളിറ്റി കണ്ട്രോള് വിഭാഗവുമുണ്ടാകും.കനാല്‍ ഓഫിസറുടെ സേവനവും മണപ്പുറത്തുണ്ടാകും. എക്സൈസ് വകുപ്പ്, താലൂക്ക് സപ്ലൈ ഓഫിസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പ് എന്നിവയുടെ പ്രത്യേക സ്ക്വാഡുകള്‍ മണപ്പുറത്തും നഗരത്തിലും പരിശോധനകള്‍ ഊർജിതമാക്കും. കെ.എസ്.ആര്.ടി.സി വിവിധ ഡിപ്പോകളില്‍ നിന്നായി ഇരുന്നൂറിലേറെ ബസുകള്‍ ശിവരാത്രിക്ക് പ്രത്യേക സർവീസ് നടത്തും.
സ്വകാര്യ ബസുകള്‍ക്ക് പുറമെ റെയില്‍വേയുടെയും കൊച്ചി മെട്രോയുടെയും പ്രത്യേക സർവീസുണ്ടാകും. ശിവരാത്രിയോടനുബന്ധിച്ച് പുഴയുടെ ഇരുകരകളിലുമുള്ള കുളിക്കടവുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. മണപ്പുറത്ത് മതിയായ ശുചിമുറി സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
അദ്വൈതാശ്രമത്തിലും ശിവരാത്രി ആഘോഷം
ആലുവ: മണപ്പുറത്തിന് പുറമെ പെരിയാറിന്റെ മറുകരയിലുള്ള ആലുവ അദ്വൈതാശ്രമത്തിലും ശിവരാത്രി ആഘോഷം നടക്കും. ശിവരാത്രിയോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ വെള്ളിയാഴ്ച പ്രത്യേക പൂജകൾ നടക്കും. പുലർച്ചെ 5.30ന് മേൽശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമികത്വത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. ബലിതർപ്പണ ചടങ്ങുകൾ ഞായറാഴ്ച ഉച്ചവരെയും തുടരും.
നഗരത്തിലും മണപ്പുറത്തും കർശന നിയന്ത്രണം
ആലുവ: ശിവരാത്രിയുടെ ഭാഗമായി മണപ്പുറത്തും ആലുവ നഗരത്തിലും പൊലീസ് കർശന സുരക്ഷയും നിയന്ത്രണവുമേർപ്പെടുത്തി.
കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പൊലീസ്, ഫയർഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തും. പ്രധാന ജങ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹികവിരുദ്ധരെ നിരീക്ഷിക്കാൻ സി.സി ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ:
- തിരക്കിൽപ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, പാലസ് ഭാഗത്തുനിന്നും നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് പേകേണ്ടവർ പാലസിന് സമീപത്തെ കൊട്ടാരം കടവ് റോഡ് വഴി പാലത്തിന്റെ കിഴക്കെ ട്രാക്കിലൂടെ മണപ്പുറത്തേക്ക് പോകണം.
- മണപ്പുറത്തു നിന്നും തിരികെ പേകേണ്ടവര്‍ നടപ്പാലത്തിന്റെ പടിഞ്ഞാറെ ട്രാക്കുവഴി പോകണം.
- വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിരക്കുകൂടുതലുള്ള സമയങ്ങളില്‍ മണപ്പുറത്തു നിന്നും തിരികെ പോകുന്നവർ നടപ്പാലത്തിന്റെ പടിഞ്ഞാറെ ട്രാക്കിലൂടെ വന്ന് പെരിയാറിന്റെ തീരത്തുള്ള റോഡിലൂടെ മുനിസിപ്പല്‍ പാര്‍ക്ക് റോഡ് വഴി പുറത്തേക്ക് പോകണം.
- മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോരക്കച്ചവടങ്ങളും അനുവദിക്കില്ല.
- നടപ്പാലത്തിലൂടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന ഭക്തജനങ്ങള്‍ അമിതതിരക്ക് ഒഴിവാക്കുന്നതിനായി,ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പൂർണമായും പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.