ആലുവയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
text_fieldsആലുവ: നഗരത്തിലെ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി. ബൈപാസ് കവലയിലെ ഹോട്ടൽ താൽ കിച്ചൻ, ഇഫ്താർ, കഫേ 41, ബുഹറാത്ത് തുടങ്ങിയ ഹോട്ടലുകളിൽനിന്നാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടിയത്. പഴകിയ ചോറ്, ബിരിയാണി, വിവിധതരം കറികൾ, പാചകം ചെയ്യാൻ സൂക്ഷിച്ചിരുന്ന വിവിധതരം മാംസങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്.
ചില ഹോട്ടലുകളിൽ രാവിലെ പൊറോട്ടയടിക്കാൻ പഴക്കംചെന്ന മൈദമാവ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി. അതുപോലെ പലയാവർത്തി ഉപയോഗിച്ച് കരിപിടിച്ച ഓയിലിൽ ഇറച്ചിയും മറ്റും തയാറാക്കുന്നതായും കണ്ടെത്തി. 2000രൂപ പിഴയും 3000രൂപ മാലിന്യം നശിപ്പിക്കാനുള്ള ചെലവുമായാണ് ഇപ്പോൾ പിഴയീടാക്കുന്നത്. പിടിച്ചെടുത്തവയുടെ സാമ്പിളുകൾ ലാബിലേക്ക് പരിശോധനക്കയക്കും.
തുടർച്ചയായി മൂന്നുതവണ പഴകിയ ഭക്ഷണം പിടിക്കപ്പെടുന്ന ഹോട്ടലുകൾക്കെതിരെ കോടതി നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലൈസൻസും റദ്ദാക്കും. കഴിഞ്ഞ ദിവസവും ചില ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. ജില്ല ആശുപത്രി കാന്‍റീൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ സൈത്തൂൺ ഹോട്ടൽ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.