തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ
text_fieldsആലുവ: തെരുവുനായുടെ ആക്രമണത്തിന് ഇരയായ ചുണങ്ങംവേലി സ്വദേശിനി സലോമിയും കുടുംബവും ദുരിതത്തിൽ. ജൂലൈ 14നാണ് സലോമിയെ തെരുവുനായ് കടിച്ചത്.
രണ്ടുതവണ സർജറിക്ക് വിധേയയായ സലോമിയുടെ തുടയിലെ മുറിവിൽ നിന്ന് പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. എടത്തല നാലാം വാർഡിലെ നാല് സെൻറ് കോളനിയിൽ പെയിൻറിങ് തൊഴിലാളിയായിരുന്ന അനാരോഗ്യവാനായ ഭർത്താവ് സ്റ്റാലിനും വിദ്യാർഥിയായ ഇളയ മകനോടുമൊപ്പമാണ് സലോമി കഴിയുന്നത്. മുതിർന്ന രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിന്റെ ബാധ്യത വീട്ടാൻ പെടാപ്പാട് പെടുന്നതിനിടയിലായിരുന്നു ഈ ദുരന്തം. പഞ്ചായത്ത് അംഗം എൻ.എച്ച്. ഷബീറിന്റെ ഇടപെടലിൽ എടത്തല പഞ്ചായത്തിൽ നിന്ന് നേരിയ സഹായം ലഭിച്ചതാണ് കുടുംബത്തിന് ലഭിച്ച ഏക ആശ്വാസം.
ഇതുവരെ രണ്ടു ലക്ഷത്തോളം രൂപ ചികിത്സാവശ്യത്തിനായി ചെലവാക്കേണ്ടി വന്നു. ജോലിക്ക് പോകാൻ സാധിക്കാതെ വന്നതോടെ നിത്യ ചെലവിനും വഴി കാണാതെ സലോമി വിഷമിക്കുകയാണ്. സലോമിയെ ജനസേവ ശിശുഭവന്റെയും തെരുവുനായ വിമുക്ത കേരളസംഘത്തിന്റെയും ചെയർമാൻ ജോസ് മാവേലി സന്ദർശിച്ച് സഹായം നൽകി. സന്മനസ്സുള്ളവർ സലോമിയെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സലോമി സ്റ്റാലിന്റെ ചുണങ്ങംവേലി ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് സഹായം അയക്കാം. നമ്പർ: 16920100047878, ഐ.എഫ്.എസ്.സി : എഫ്.ഡി.ആർ.എൽ 0001692.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.