കാണാതായ വിദ്യാർഥി ഓൺലൈൻ പണമിടപാട് കെണിയിൽപെട്ടതായി സംശയം
text_fieldsആലുവ: മുംബൈയിൽ കാണാതായ മലയാളി വിദ്യാർഥി ഓൺലൈൻ പണമിടപാട് കെണിയിൽപെട്ടതായി സംശയം. വിദ്യാർഥി ഓൺലൈൻ ട്രേഡിങ് അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായാണ് സംശയം. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങളും ബാധ്യതകളുമാണ് തിരോധാനത്തിന് കാരണമെന്നും ബന്ധുക്കൾ സംശയിക്കുന്നുണ്ട്.
എടയപ്പുറം പെരുമ്പിള്ളി അഷറഫിന്റെ മകൻ പി.എ. ഫാസിലിനെയാണ് (22) കാണാതായത്. മുംബൈ എച്ച്.ആർ കോളജ് ഓഫ് കോമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ രണ്ടാം വർഷ ബാച്ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിയാണ്. 26ന് വൈകീട്ട് താമസസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. ഓഹരി കമ്പക്കാരനായ ഫാസിൽ പലപ്പോഴും വിപണിയിൽ നിക്ഷേപിക്കാറുണ്ട്.
ഓഹരി വിപണിയിൽ സ്വന്തമായി നടത്തിയ ട്രേഡിങ്ങിനിടെ 50,000 രൂപ നഷ്ടപ്പെട്ടുവെന്ന് ഫാസിൽ മാതാവിനോട് പറഞ്ഞിരുന്നു. അതിനാൽ അത്തരം ഇടപാടുകളാണോ ഫാസിലിനെ കാണാതായതിന് കാരണമെന്ന സംശയത്താൽ കുടുംബം ആ നിലക്കും അന്വേഷണം നടത്തുന്നുണ്ട്.
നാല് ട്രേഡിങ് സ്ഥാപനങ്ങളിലേക്കും രണ്ട് വ്യക്തികൾക്കുമായി രണ്ട് ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരുലക്ഷം രൂപ സമപ്രായക്കാരായ ബന്ധുക്കളിൽനിന്ന് വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് മൊബൈൽ ആപ് കമ്പനികളിൽനിന്ന് ലോൺ എടുത്തിട്ടുണ്ടാകുമെന്ന സംശയവും കുടുംബത്തിനുണ്ട്.
പിതാവ് മുംബൈ കൊളാബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിനിടയിൽ 27ന് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.