കമ്മത്ത് ബ്രദേഴ്സ് കളമൊഴിയുന്നു; കല്ല് സോഡയുടെ രുചി ഓർമയാകും
text_fieldsആലുവ: കല്ല് സോഡയുടെ രുചി മധുരമുള്ള ഓർമയാക്കി കമ്മത്ത് ബ്രദേഴ്സ് കളമൊഴിയുന്നു. കാലം പിന്നിലേക്ക് തള്ളിയിട്ടും കൈവിടാതെ കൊണ്ടുനടന്ന കല്ല് സോഡയും പ്രത്യേക മുന്തിരി ജ്യൂസും ഏറെ വേദനയോടെയാണ് കമ്മത്ത് സഹോദരന്മാർ അവസാനിപ്പിക്കുന്നത്.
ആലുവ മേഖലയിൽ കല്ല് സോഡ കിട്ടുന്ന ഏക സ്ഥാപനമാണ് ബാങ്ക് കവലയിലെ കെ.വി കമ്മത്ത് ആൻഡ് ബ്രദേഴ്സ്. സോഡ അനുബന്ധ വസ്തുക്കൾ വിൽക്കുന്ന ഇവിടെ സോഡയുമായി ബന്ധപ്പെട്ട ശീതളപാനീയങ്ങളും ലഭ്യമാണ്. ഇതിലെ പ്രധാന ആകർഷണീയതതന്നെ ശീതളപാനീയങ്ങളിൽ ഇവിടെ കല്ല് സോഡയാണ് ഉപയോഗിക്കുന്നതെന്നതാണ്. അതിനാൽ ഇവിടെ ശീതളപാനീയങ്ങൾ സ്ഥിരമായി കുടിക്കാൻ എത്തുന്നവരും ധാരാളമാണ്.
1940ൽ സഹോദരങ്ങളായ കെ. വെങ്കിടേശ്വര കമ്മത്തും കെ. രത്നാകര കമ്മത്തുമാണ് സ്ഥാപനം തുടങ്ങിയത്. കാരണവന്മാർ തുടങ്ങിയ വ്യവസായം സഹോദരങ്ങളായ രാമനാഥും ദിവാകര കമ്മത്തുമാണ് നിലവിൽ നടത്തുന്നത്. സോഡാ നിർമാണ യൂനിറ്റുകൾക്ക് ആവശ്യമായ സാധനങ്ങളും ഇവിടെ വിൽപനക്കുണ്ട്. ആലുവ ബാങ്ക് കവലയിലെ സിറ്റി ടവറിലാണ് കല്ല് സോഡാക്കട നടത്തുന്നത്.
ആലുവ വളരുന്നതിനുമുമ്പേ ഉള്ള സ്ഥാപനമായതിനാൽ വർഷങ്ങളുടെ പരിചയം പലർക്കും ഇവരുമായുണ്ട്. തലമുറകളായി തുടർന്നുവരുന്ന ഉപഭോക്താക്കളും ഇവർക്കുണ്ട്. വാർധക്യവും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നതിനാൽ വർഷങ്ങൾക്കുമുേമ്പ കട നിർത്താൻ ഇവർ ആലോചിച്ചിരുന്നതാണ്. എന്നാൽ, കാലങ്ങളായി സ്ഥിരമായി ഇവിടെയെത്തുന്ന ഉപഭോക്താക്കളെ നിരാശരാക്കാൻ ഇവർക്കാകുമായിരുന്നില്ല. എട്ടുവർഷത്തിൽ ഒരിക്കൽ കല്ല് സോഡ ഉണ്ടാക്കുന്ന മെഷീൻ മാറ്റാറുണ്ട്.
പലരും കല്ല് സോഡ നിർമാണവുമായി ബന്ധപ്പെട്ട് ഇവരെ സമീപിക്കാറുണ്ട്. എന്നാൽ, വിപണിയിൽ മെഷീൻ ലഭ്യമാണെങ്കിലും ഇതിനുവേണ്ടിയുള്ള കുപ്പി ലഭ്യമല്ലാത്തത് പ്രതിസന്ധിയാണ്. അതിനാൽ പുതിയ നിർമാണ യൂനിറ്റുകൾ പിറവിയെടുക്കുന്നില്ല. പഴയ തലമുറയെപ്പോലെ പുതുതലമുറയിൽപെട്ട പലരും കല്ലുസോഡയെക്കുറിച്ചും ഇവിടെ ലഭിക്കുന്ന പ്രത്യേക മുന്തിരി ജ്യൂസിനെക്കുറിച്ചും അറിഞ്ഞുകേട്ടുവരുന്നുണ്ട്. ദൂരെ സ്ഥലങ്ങളിൽനിന്നുള്ളവർപോലും ഇവിടെയെത്താറുണ്ട്.
എന്നാൽ, ഏവരെയും നിരാശയിലാഴ്ത്തി കെ.വി കമ്മത്ത് ആൻഡ് ബ്രദേഴ്സ് എന്നെന്നേക്കുമായി ഷട്ടറിടുകയാണ്. ഈ മാസം അവസാനം വരെ കട നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സഹോദരങ്ങൾ പറയുന്നു. നിലവിൽ ഇരുവർക്കും വിശ്രമം ആവശ്യമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് വ്യാപാരം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.