ആ സാന്ത്വന ബന്ധത്തിന് മൂന്ന് പതിറ്റാണ്ട്
text_fieldsആലുവ: നിരവധി രോഗികൾക്ക് സാന്ത്വനമേകിയ ജനകീയ ഡോക്ടർ ഡോ. വിജയകുമാറും ആലുവ ജില്ല ആശുപത്രിയുമായുള്ള ബന്ധത്തിന് മൂന്ന് പതിറ്റാണ്ട്. 1994 ജൂൺ 13ന് ഈ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം വിരമിച്ച് രണ്ട് പതിറ്റാണ്ടോളമായിട്ടും വിവിധ ആതുരസേവന പ്രവർത്തനങ്ങളുമായി, ജില്ല ആശുപത്രിയുടെ നട്ടെല്ലായി ഇന്നും നിലകൊള്ളുന്നു. ബ്ലഡ് ബാങ്ക്, ഡയാലിസിസ് സെൻറർ, ഹീമോഫീലിയ സെൻറർ തുടങ്ങിയവയുടെ അമരത്തുള്ള അദ്ദേഹം ജീവിത സായാഹ്നത്തിലും രാപ്പകൽ കർമനിരതനാണ്. കോട്ടയം വൈക്കം വടയാർ സ്വദേശിയായ അദ്ദേഹം കടുത്തുരുത്തി അറുനൂറ്റിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1994 ജൂൺ 13നാണ് ആലുവ സർക്കാർ ആശുപത്രിയിലെത്തിയത്. ശിശുരോഗ വിദഗ്ധനായ അദ്ദേഹം ആർ.എം.ഒയുടെ ചുമതലയോടെയാണ് ഇവിടെ ജോലി ആരംഭിച്ചത്. ഡോക്ടറുടെ ശ്രമഫലമായാണ് 1997ൽ ഇവിടെ ബ്ലഡ് ബാങ്ക് ആരംഭിച്ചത്. 2005 ഒക്ടോബർ 31ന് സൂപ്രണ്ടായി വിരമിച്ച അദ്ദേഹം ബ്ലഡ് ബാങ്കിൽ സേവനം തുടർന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് ഡയാലിസിസ് സെന്റര്‍, ഹീമോഫീലിയ സെന്റര്‍ എന്നിവ യാഥാര്‍ഥ്യമായതും. പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയാവാൻ ആലുവ ബ്ലഡ് ബാങ്കിനെ പ്രാപ്തനാക്കിയതിന് പിന്നിൽ ഡോക്ടറുടെ പങ്ക് ചെറുതല്ല. നിലവില്‍ സംസ്ഥാനത്ത് മൊത്തം 16 ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററുകളുണ്ടെങ്കിലും വിജയകുമാറിൻറെ നേതൃത്വത്തിലുള്ള ആലുവ ബ്ലഡ് ബാങ്കാണ് സംസ്ഥാനത്തെ ഏക പരിശീലന കേന്ദ്രം.
സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂനിറ്റാണ് ആലുവ ബ്ലഡ് ബാങ്കിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഏക ഹീമോഫീലിയ യൂനിറ്റായ ആലുവ ജില്ല ആശുപത്രിയിലെ ഹീമോഫീലിയ സെൻററിന് തുടക്കമിട്ടതും ഇന്നും അത് നല്ലനിലയിൽ കൊണ്ടുപോകുന്നതും ഡോ. വിജയകുമാറാണ്. പത്തു വർഷത്തിനിടെ നിരവധി രോഗികൾക്ക് സാന്ത്വനമേകിയ ഈ കേന്ദ്രത്തെ തേടി എട്ട് അന്താരാഷ്ട്ര പുരസ്കാരങ്ങളുമെത്തി. 71ാം വയസിലും ചുറുചുറുക്കോടെ ജില്ല ആശുപത്രിയിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഓടിനടക്കുന്ന അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിരുന്നു. ആലുവ ലക്ഷ്മി നഴ്സിങ് ഹോമിലെ ഡോ. അംബികാദേവിയാണ് ഭാര്യ. മകൾ ഡോ. അർച്ചന കാനഡയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.