ഒരു കർഷകനും ഈ ഗതി വരരുത്; പൂവൻവാഴ കൃഷി ചെയ്തയാൾക്ക് ലഭിച്ചത് പടത്തിക്കായ; വഞ്ചിതനായി കർഷകൻ
text_fieldsആലുവ: പൂവൻ വാഴയുടെ കന്ന് വാങ്ങി കൃഷി ചെയ്ത കർഷകന് ലഭിച്ചത് പടത്തിക്കായ. ആലുവ ചാലയ്ക്കൽ മരത്താംകുടി സുരേന്ദ്രനാണ് കബളിക്കപ്പെട്ടത്. പത്ത് മാസം മുമ്പാണ് അങ്കമാലി കറുകുറ്റിയിൽ നിന്നും മുന്നൂറ് വഴക്കന്നുകൾ വാങ്ങിയത്.
കർഷകർ കൂടുതലായും വാഴക്കന്നുകൾ വാങ്ങുന്ന കേന്ദ്രമാണിത്. പൂവൻ വാഴക്കന്നുകൾ എന്ന് പറഞ്ഞ് തന്നെയാണ് കച്ചവടക്കാർ സുരേന്ദ്രന് വാഴക്കന്നുകൾ നൽകിയത്.
പാട്ടത്തിനെടുത്ത നാൽപത് സെൻറ് സ്ഥലത്താണ് മുന്നൂറ് വഴക്കന്നുകൾ സുരേന്ദ്രൻ കൃഷി ചെയ്തത്.മികച്ച രീതിയിൽ പരിപാലിച്ച് ശരിയായ രീതിയിൽ വളവും, വെള്ളവും നൽകിയിരുന്നു. കൃത്യമായി സംരക്ഷിച്ച വാഴകൾ കുലച്ചപ്പോഴാണ് താൻ വാങ്ങിയ വാഴകൾ പൂവൻ വാഴയല്ലെന്ന് അദ്ദേഹത്തിന് മനസിലായത്.
പടത്തിവാഴയാണ് കൃഷി ചെയ്തിട്ടുള്ളതെന്നും താൻ കബളിപ്പിക്കപ്പെട്ടതായും മനസിലായ സുരേന്ദ്രൻ തകർന്ന അവസ്ഥയിലാണ്.മാർക്കറ്റിൽ തീരെ ആവശ്യക്കാരില്ലാത്തതും വളരെ വില കുറഞ്ഞതുമായ കായാണ് പടത്തിക്കായെന്ന് സുരേന്ദ്രൻ പറയുന്നു. തോട്ടത്തിൽ നിറയെ കുലച്ച് മൂത്ത് നിൽക്കുന്ന കായ വിലക്കുറവായതിനാലും ആവശ്യക്കാരില്ലാത്തതിനാലും പക്ഷികളും മറ്റും തിന്ന് നശിക്കുകയാണ്.
ഒരു ലക്ഷത്തോളം രൂപ കുട്ടമശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി നടത്തിയത്. തീരെ വില കുറഞ്ഞ പടത്തിക്കായ ആയതോടെ വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന അങ്കലാപ്പിലാണ് കർഷകൻ.വാഴക്കന്ന് വാങ്ങിയ കച്ചവടക്കാരൻറെ അടുത്ത് കുലയുമായിചെന്ന് വാഴക്കന്ന് മാറിയ കാര്യം പറഞ്ഞപ്പോൾ താൻ നിസ്സഹായനാണെന്നാണ് കച്ചവടക്കാരൻ പറയുന്നത്.
തമിഴ് നാട്ടിൽ നിന്നാണ് കന്ന് വരുന്നതെന്നും ബാക്കി ഒന്നും അറിയില്ലെന്നുമാണ് കച്ചവടക്കാർ പറയുന്നത്. വാഴക്കന്നിന്‍റെ തുകയും, വാഹന കൂലിയും അവർ നൽകിയതായി സുരേന്ദ്രൻ പറഞ്ഞു.ഇനി ഒരു കർഷകനും ഈ ഗതി വരരുത് എന്ന ഉദ്ദ്യശേത്തോടെയാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം പൊതുജന സമക്ഷം വെളിപ്പെടുത്തുന്നതെന്നും സുരേന്ദ്രൻ പറയുന്നു.
48 വർഷത്തോളമായി കീഴ്മാട് പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളാണ് സുരേന്ദ്രൻ. കീഴ്മാട് കൃഷിഭവൻറെ മികച്ച കർഷകനുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.