പാർട്ടിയിലെയും മുന്നണിയിലെയും പോര് ആലുവയിൽ ബി.ജെ.പിക്ക് നൽകിയത് കനത്ത തിരിച്ചടി
text_fieldsആലുവ: പാർട്ടിയിലെയും മുന്നണിയിലെയും പോര് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി. നാളുകളായി ആലുവയിൽ ഓരോ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുൻ തവണെത്തക്കാൾ കൂടുതൽ വോട്ട് കിട്ടിയിരുന്നതാണ്. അതാണ് ഇക്കുറി ഒറ്റയടിക്ക് താഴ്ന്നത്.
ഇക്കുറി വോട്ട് വലിയ തോതിൽ കുറഞ്ഞത് പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നങ്ങൾ മൂലമാണെന്നാണ് അണികൾ ആരോപിക്കുന്നത്.
2016ൽ ലഭിച്ച വോട്ടിെനക്കാൾ നാലായിരത്തോളം വോട്ടാണ് ചോർന്നതെങ്കിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിെനക്കാൾ ഒമ്പതിനായിരത്തോളം വോട്ട് കാണാതായി. ബി.ജെ.പിയുടെ വോട്ട് ചോർച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഇതിനകം രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചിലർ പരസ്യ നിലപാട് സ്വീകരിച്ചുകഴിഞ്ഞു.
30,000ന് മുകളിൽ വോട്ട് പിടിക്കുമെന്ന് പറഞ്ഞ് പോരാട്ടത്തിനിറങ്ങിയ മുന്നണിക്കാണ് കനത്ത തിരിച്ചടിയുണ്ടായത്. എൻ.ഡി.എ എന്ന പേരിലാണ് പ്രചാരണമെങ്കിലും ഘടകകക്ഷികളെ കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനത്തിന് ബി.ജെ.പി നേതൃത്വം ആദ്യഘട്ടത്തിൽ തയാറായിരുന്നില്ല.
ഇതിനെതിരെ ബി.ഡി.ജെ.എസ് രംഗത്തുവന്നപ്പോഴാണ് അവർക്ക് അവസരം നൽകിയത്. എന്നാൽ, അപ്പോഴേക്കും ബി.ഡി.ജെ.എസിനോട് താൽപര്യമുള്ളവരെല്ലാം ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
2011ൽ 8264 വോട്ട് നേടിയ ബി.ജെ.പി 2016ൽ 19,349 വോട്ടായി ഉയർത്തി. ഇക്കുറി 15,874 ആയി കുറയുകയായിരുന്നു. കഴിഞ്ഞ ലോക്സഭ െതരഞ്ഞെടുപ്പിൽ 24,000ത്തോളം വോട്ട് ലഭിച്ചിരുന്നു. ത്രികോണ മത്സരത്തിെൻറ പ്രതീതി സൃഷ്ടിച്ച് പ്രചാരണ രംഗത്തുണ്ടായിട്ടും എന്തുകൊണ്ട് വോട്ട് കുറെഞ്ഞന്ന് ചികയുകയാണ് ഭാരവാഹികൾ. നിയോജക മണ്ഡലം പരിധിയിലെ നേതാക്കൾ തമ്മിെല പോര് തെരഞ്ഞെടുപ്പ് വേളയിലും തുടർന്നിരുന്നു. ഇതാണ് പ്രധാനമായും വോട്ട് കുറയാൻ ഇടയാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ രൂക്ഷമായിരുന്നത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പായിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.
മുൻ നിയോജക മണ്ഡലം പ്രസിഡൻറും ജില്ല കമ്മിറ്റി അംഗവുമായ കെ.ജി. ഹരിദാസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഹരിദാസ് പങ്കെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.