ഓൺലൈൻ തട്ടിപ്പുകളുടെ ചാകരയായി കോവിഡ് കാലം
text_fieldsആലുവ: 'താങ്കളുടെ ബിസിനസിൽ പങ്കാളിയാകാൻ എനിക്ക് താൽപര്യമുണ്ട്, അതിന് പണം മുടക്കാൻ ഞാൻ തയാറുമാണ്...' നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലുള്ള ഏതെങ്കിലും ഒരു വിദേശ സുഹൃത്ത് ഇത്തരത്തിൽ മെസേജ് അയച്ചാൽ സൂക്ഷിക്കുക.
വരുംവരായ്കകൾ ആലോചിക്കാതെ അതിെൻറ പിറകെ പോയാൽ പണം പോകുമെന്ന് ഉറപ്പ്. കൊറോണക്കാലത്ത് ഇത്തരം തട്ടിപ്പുകൾ പെരുകിയ സാഹചര്യത്തിലാണ് എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് മുന്നറിയിപ്പ് നൽകുന്നത്. ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ മുഖമാണിത്. റൂറൽ ജില്ലയിൽനിന്നുമാത്രം വ്യത്യസ്ത കേസുകളിലായി ഇത്തരം തട്ടിപ്പുസംഘം അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ്.
നിങ്ങളുടെ പ്രൊഫൈൽ വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ആണ് ആദ്യം അവർ ചെയ്യുന്നത്. ബിസിനസ് ചെയ്യുന്നവർ പ്രഫഷനലുകൾ എന്നിവരെയായിരിക്കും ലക്ഷ്യമിടുന്നത്. താങ്കളുടെ പെരുമാറ്റത്തിലും ബിസിനസിലും ആകൃഷ്ടരായതുകൊണ്ടാണ് പണം മുടക്കാൻ തയാറാകുന്നതെന്ന് ഈ 'വേദനിക്കുന്ന കോടീശ്വരൻ' പറയുന്നതോടെ നല്ലൊരുഭാഗം ആളുകളും ചതിയിൽ വീഴുകയായി. പിന്നീട് സൗഹൃദമായി... ചാറ്റിങ്ങായി... പിരിയാനാവാത്ത ബന്ധമായി...
ഇതിനിടയിൽ ബിസിനസ് പങ്കാളി ആകാനോ ആരംഭിക്കുന്നതിനോ വേണ്ടി കുറച്ച് പണവും ഒന്നുരണ്ട് സമ്മാനവും അയക്കുന്നുവെന്ന മെസേജും വരും. പണം ഡോളറും പൗണ്ടും യൂറോയുമൊക്കെ ആണ്. ഐ ഫോൺ, ഐ പാഡ്, വാച്ച് തുടങ്ങി ലക്ഷങ്ങൾ വിലവരുന്ന സമ്മാനങ്ങളാണ് കൊറിയർ വഴി വരുമെന്ന് പറയുന്നത്... ഇതെല്ലാം പറയുമ്പോൾ വേണ്ടെന്ന് വെക്കുന്നതെങ്ങനെ. അവിടെ തട്ടിപ്പിൽ അകപ്പെടുകയായി.
പണമുൾെപ്പടെയുള്ള സാധനസാമഗ്രികൾ പായ്ക്ക് ചെയ്യുന്നതിെൻറയും അയക്കുന്നതിെൻറയും കൊറിയർ വിവരങ്ങളും ഫോട്ടോകളും വിഡിയോകളും സമയാസമയങ്ങളിൽ അവർ നൽകിക്കൊണ്ടിരിക്കും.
തട്ടിപ്പിെൻറ അടുത്ത ഘട്ടത്തിൽ ഇന്ത്യയിൽനിന്നായിരിക്കും വിളികൾ വരുന്നത്. സംഗതികളെല്ലാം ഡൽഹി എയർപോർട്ടിലെത്തിയിട്ടുണ്ടെന്നും വിലാസം വെരിഫൈ ചെയ്യാനാണ് എന്നുപറഞ്ഞ് കൊറിയർ കമ്പനി വിളിക്കുന്നതോടെ തട്ടിപ്പിെൻ രണ്ടാംഘട്ടം ആരംഭിക്കുന്നു. പിന്നെ സാധനം വീട്ടിലെത്തുന്നതിനുള്ള ഫീസ് അടക്കാൻ ആവശ്യപ്പെട്ടുള്ള 'ഔദ്യോഗിക' വിളി വരുകയായി. കൊറിയർ കമ്പനിയുടെ ക്ലിയറൻസ് ഫീസ്, കസ്റ്റംസ് പിടിച്ചതിനാൽ ഫൈൻ, ആർ.ബി.ഐയുടെ പിഴ ഇങ്ങനെ വ്യത്യസ്ത പേരിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് ആയി ലക്ഷങ്ങൾ ഊരി എടുക്കും. വന്നിരിക്കുന്ന പാർസലിെൻറ മൂല്യം ലക്ഷങ്ങളും കോടികളും ആയതുകൊണ്ട് എത്ര കാശ് ഏത് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചും സമ്മാനപ്പൊതി കൈക്കലാക്കാൻ ഇക്കൂട്ടർ തയാറാകും. പലപ്പോഴായി പല കാരണങ്ങൾക്കായി ലക്ഷങ്ങൾ നഷ്ടമായിക്കഴിയുമ്പോഴാണ് സംഭവം തട്ടിപ്പായിരുെന്നന്ന് മനസ്സിലാവുക.
ആദ്യകാലങ്ങളിൽ സൗഹൃദം സ്ഥാപിച്ച് സമ്മാനം അയക്കുന്ന രീതിയായിരുെന്നങ്കിൽ, ഇപ്പോൾ ചാരിറ്റിക്കുവേണ്ടിയും ബിസിനസ് പങ്കാളിയാകാനും ബിസിനസ് തുടങ്ങാനുമൊക്കെ ആയി തട്ടിപ്പ് രീതികൾക്ക് രൂപമാറ്റം വരുത്തിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർ ഇത്തരം തട്ടിപ്പുകളിൽപെടുന്നുണ്ട്. വിദ്യാസമ്പന്നരും സർക്കാർ ഉദ്യോഗസ്ഥരും പ്രഫഷനലുകളും യുവതീയുവാക്കളും തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ഇതിെൻറ ഇരകളായിട്ടുണ്ട്.
ഇത്തരം മെസേജുകളിൽ വിശ്വസിച്ച് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും ഇങ്ങനെ വരുന്ന മെസേജുകൾ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്നും ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.