സ്റ്റേഷന് മുമ്പിലെ തർക്കഭൂമി തിരിച്ചുപിടിച്ച് റെയിൽവേ മതിൽകെട്ടി
text_fieldsആലുവ: റെയിൽവേ സ്റ്റേഷന് മുന്നിൽ തർക്കത്തിൽ കിടന്ന സ്ഥലത്ത് കോടതിവിധിയുടെ അടിസ്ഥാനത്തിൽ റെയിൽവേ മതിൽകെട്ടി. കച്ചവടക്കാരും റെയിൽവേയും തമ്മിൽ രണ്ട് പതിറ്റാണ്ട് നീണ്ട കേസിൽ റെയിൽവേക്ക് അനുകൂലമായി കോടതിവിധി വന്നിരുന്നു.
എന്നാൽ, വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് സമീപത്തെ കച്ചവടക്കാർക്ക് താൽക്കാലികമായി വിട്ടുനൽകിയ സ്ഥലം റെയിൽവേ തിരിച്ചുപിടിച്ച് മതിൽകെട്ടിയത്. 2003ൽ റെയിൽവേ പാർക്കിങ് ഏരിയ മതിൽകെട്ടി തിരിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനുള്ള നടപടികൾ തുടങ്ങിയതോടെയാണ് കേസുകൾ തുടങ്ങിയത്. റെയിൽവേ നിർമിച്ച മതിൽ വ്യാപാരികൾ പൊളിച്ചുകളയുകയായിരുന്നു. ഇതിനെതിരായ കേസിൽ 2020 നവംബറിലാണ് റെയിൽവേക്ക് അനുകൂലമായ വിധിയുണ്ടായത്. സർവേ നടപടികൾ പൂർത്തിയായെങ്കിലും കോവിഡ് പ്രോട്ടോകോൾ കാരണം ചുറ്റുമതിൽ നിർമാണം വൈകുകയായിരുന്നു.
എതിർവശത്തെ കെട്ടിടത്തിന് റെയിൽവേ പാർക്കിങ് ഗ്രൗണ്ടിലൂടെ അല്ലാതെ പ്രവേശന കവാടം ഉണ്ടായിരുന്നെന്നും അതുമറച്ച് പുതിയ കെട്ടിടങ്ങൾ നിർമിച്ചതാണ് പ്രശ്നമായതെന്നുമാണ് റെയിൽവേ കോടതിയിൽ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തേ, കോടതിയുടെ ഇടക്കാല വിധിയിൽ കച്ചവട സ്ഥാപനങ്ങളിലേക്ക് വാഹനം കടന്നുവരുന്നതിന് സൗകര്യം വേണമെന്ന് നിർദേശിച്ചിരുന്നു. ഇതേതുടർന്ന് 12 അടി വീതിയിൽ വഴി അനുവദിച്ച് രണ്ടരയടി ഉയരത്തിൽ മതിലും നിർമിച്ചിരുന്നു. ഇതെല്ലാം പൂർണമായി പൊളിച്ചുനീക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ തൊട്ടുമുന്നിലായി ഇപ്പോൾ മതിൽകെട്ടുന്നത്. സ്വകാര്യകെട്ടിടങ്ങളും റെയിൽവേ കെട്ടുന്ന മതിലുമായി രണ്ടടി മാത്രമാണ് അകലം. റെയിൽവേ ഏറ്റെടുത്ത സ്ഥലം 10 സെേൻറാളം വരും.
ഇത് റെയിൽവേയുടെ പ്രീമിയം പാർക്കിങ് ഏരിയയിലേക്ക് കൂട്ടിച്ചേർത്തു. ഇതോടെ ടൂറിസ്റ്റ് ഹോം അടക്കമുള്ള അരഡസനോളം കച്ചവട സ്ഥാപനങ്ങളിലേക്ക് വഴിയില്ലാതായി. ടൂറിസ്റ്റ് ഹോമിന് മുന്നിൽ മാത്രം താൽക്കാലിക സൗകര്യമെന്ന നിലയിൽ മതിൽകെട്ടാതെ ഇരുമ്പുകുറ്റികൾ മാത്രം സ്ഥാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.