ഭർത്താവിനെ പൊലീസ് മർദിച്ചു; അന്തർ സംസ്ഥാന തൊഴിലാളിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsആലുവ: ഭർത്താവിനെ പൊലീസ് മർദിച്ചതിൽ മനംനൊന്ത് അന്തർസംസ്ഥാന തൊഴിലാളിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. ജോലിക്കുനിന്ന വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ കാണാതായെന്നാരോപിച്ചാണ് ഭർത്താവിനെ പൊലീസ് മർദിച്ചത്. സംഭവം വിവാദമായതോടെ യുവാവിനെ ഓട്ടോ ചാർജ് നൽകി പൊലീസ് പറഞ്ഞുവിട്ടു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഏലൂക്കര മൂലേപ്പാടത്ത് നാസറിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി പോൾടു ശർമയുടെ ഭാര്യ സോനാലിയാണ്(28) ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
ഇവരെ ആലുവ ജില്ല ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽനിന്നും മടക്കിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതേസമയം മർദനത്തിൽ പരിക്കേറ്റ പോൾടു ശർമ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഏലൂക്കരയിലെ ഒരു വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം കഴിഞ്ഞ മൂന്നിന് കാണാതായത്. സ്വർണം കാണാതാവുന്നതിന് രണ്ട് ദിവസം മുമ്പ് ഇവിടെ ജോലിക്കുണ്ടായിരുന്ന സോനാലിയാണ് മോഷ്ടിച്ചതെന്നാരോപിച്ച് വീട്ടുകാർ ബിനാനിപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് സോനാലിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം തിങ്കളാഴ്ച ഭർത്താവുമായി ഹാജരാകാൻ നിർദേശിച്ച് വിട്ടയച്ചു.
തിങ്കളാഴ്ച വൈകീട്ട് സോനാലിയെ വിട്ടയച്ചശേഷം പോൾടുവിനെ മർദിച്ചെന്നാണ് പരാതി. പൊലീസ് കസ്റ്റഡിയിൽ നിന്ന് ഭർത്താവിനെ വിട്ടുകിട്ടാത്തതിനെ തുടർന്നാണ് സോനാലി തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
വാതിൽ തകർത്ത് അകത്ത് കയറിയ പോൾടുവിന്റെ ബന്ധുക്കൾ സോനാലിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെയാണ് 1000 രൂപ ഓട്ടോ ചാർജും നൽകി വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.