കാത്തിരിപ്പിന് അറുതി; ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉദ്ഘാടനം ഫെബ്രുവരി 10ന്
text_fieldsആലുവ: ആധുനിക സൗകര്യങ്ങളോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തുറക്കുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഫെബ്രുവരി 10ന് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് അഞ്ചിന് മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായിരുന്ന സ്റ്റാൻഡിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആന്റ് പാസഞ്ചർ അമിനിറ്റി സെന്റർ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നവീകരണം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടുഘട്ടമായി എട്ടുകോടി 64 ലക്ഷം രൂപ അനുവദിച്ചായിരുന്നു നിർമാണം.
30 ബസ് പാർക്ക് ചെയ്യാം
പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾക്കുപകരം പുതിയവ നിർമിക്കാൻ അനുവദിച്ച അഞ്ചുകോടി 89 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു നിലയിലായി മൊത്തം 30155 ചതുരശ്ര അടിയിലാണ് പണി പൂർത്തിയാക്കിയത്. മുൻഭാഗത്ത് 18 ബസ്സ് ബേകളടക്കം 30 ബസ് പാർക്ക് ചെയ്യാം. ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിങ്ങ് ഏരിയയുമുണ്ട്. താഴത്തെ നിലയിൽ ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫിസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകൾ, 170 സീറ്റുള്ള വെയിറ്റിങ്ങ് ഏരിയ, കാന്റീൻ, നാല് ടോയ്ലറ്റുകൾ, എട്ട് യൂറിനുകൾ, മൂന്ന് വാഷ് ബെയ്സിനുകൾ അടങ്ങിയ ജെന്റ്സ് വെയിറ്റിങ്ങ് റൂം, നാല് ടോയ്ലറ്റുകൾ, മൂന്ന് വാഷ് ബെയ്സിൻ അടങ്ങിയ ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതർww, രണ്ട് ടോയ്ലറ്റുമുണ്ട്. ഒന്നാം നിലയിൽ അഞ്ച് ഓഫിസ് റൂം, 43 സീറ്റുള്ള വെയിറ്റിങ്ങ് ഏരിയ, നാല് വീതം ടോയ്ലറ്റും യൂറിനുകളുമുള്ള ജെന്റ്സ് വെയിറ്റിങ്ങ് റൂം, നാല് ടോയ്ലറ്റുള്ള ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതർക്കുള്ള ടോയ്ലറ്റ് എന്നിവയുമുണ്ട്.
മലിന ജലം ശുദ്ധീകരിക്കാൻ സംവിധാനം
മലിന ജലം ശുദ്ധീകരിക്കാനുള്ള സ്വീവേജ് ട്രീറ്റ്മെന്റ്, ഡീസൽ / ഓയിൽ കലർന്ന വെള്ളം ശുദ്ധീകരിക്കാനുള്ള എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും സ്റ്റാൻഡിൽ ഒരുക്കിയിട്ടുണ്ട്. ഇതിനാവശ്യമായ അണ്ടർ ഗ്രൗണ്ട് ടാങ്ക്, വെള്ളം ഒഴുകി പോകാൻ ഡ്രൈവ് വേ വിത്ത് ഡ്രെയിൻ എന്നിവയുമുണ്ട്. പദ്ധതിയിൽ 64500 ചതുരശ്ര അടി ടൈൽ വിരിക്കാനും, പഴയ ഡീസൽ പമ്പ് മാറ്റി സ്ഥാപിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സിയുടെ തനതുഫണ്ടിൽ നിന്നും അഞ്ചുകോടി 92 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് സ്റ്റാൻഡിൽ മുഴുവൻ സ്ഥലത്തും ടൈൽ വിരിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.