ഇവർ ഒരുങ്ങുന്നു, പെരിയാർ നീന്തിക്കടക്കാൻ...
text_fieldsആലുവ: പ്രായത്തെയും ശാരീരിക കുറവുകളെയും പിന്നിലാക്കി പെരിയാർ നീന്തിക്കടക്കാൻ നാലുപേർ. പെരിയാറിലെ നീന്തൽ പരിശീലകൻ സജി വളാശ്ശേരിയുടെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നടത്തുന്നത്.
ജന്മനാ ഇരുകൈ ഇല്ലാത്തതും നിരവധി ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളുമായ 15കാരൻ മുഹമ്മദ് ആസീം (ആസീം വെളിമ്മണ്ണ), ട്രെയിനപകടത്തിൽ മുട്ടിന് താഴെ ഇരുകാലും അറ്റുപോയ കൊല്ലം സ്വദേശിയും കാക്കനാട് സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഷാൻ (29), 70 വയസ്സിലേക്ക് കടക്കുന്ന ആലുവ തായിക്കാട്ടുകര മനക്കപറമ്പിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ആരിഫ, മാള അന്നമനട ചെറുവാളൂർ കാട്ടുകണ്ടത്തിൽ വിശ്വംഭരൻ(70) എന്നിവരാണ് പെരിയാറിനെ കീഴടക്കാൻ ഒരുങ്ങുന്നത്.
ഈ വർഷത്തെ കുട്ടികളുടെ നൊബേൽ പുരസ്കാരത്തിലെ മൂന്നാം സ്ഥാനം നേടിയതിലൂടെ മുഹമ്മദ് ആസീം അന്തരാഷ്ട്രതലത്തിൽ ശ്രദ്ധേയനായിരുന്നു. തന്റെ സ്കൂൾ തുടർ പഠനത്തിന് നാട്ടിൽതന്നെ ഹൈസ്കൂളിന് നിയമപോരാട്ടത്തിലൂടെ ഹൈകോടതി ഉത്തരവ് നേടിയ ആസീം വെളിമ്മണ്ണയെക്കുറിച്ച പത്രവാർത്ത ശ്രദ്ധയിൽപെട്ട സാഹസിക നീന്തൽ പരിശീലകനായ സജി വളാശ്ശേരിൽ ആസിമിനെ തേടി മൂന്നര വർഷംമുമ്പ് കോഴിക്കോട് പോയി വീട്ടുകാരിൽനിന്ന് അനുമതി വാങ്ങുകയായിരുന്നു. എന്നാൽ, തുടരെയുണ്ടായ വെള്ളപ്പൊക്കങ്ങളും കോവിഡ് പ്രതിസന്ധികളും മൂലം ആലുവയിലേക്കുള്ള ആസിമിന്റെ യാത്ര നീണ്ടു.
ബാലന് തനിയെ ആലുവയിലേക്ക് എത്താൻ പറ്റാത്തതും കോഴിക്കോട് ആലിംതറ റബ്ബാനിയ ഹിഫ്ള് കോളജിലെ അധ്യാപകനായ പിതാവിന് നീണ്ട അവധി എടുക്കാൻ കഴിയാതിരുന്നതും തടസ്സമായി. കഴിഞ്ഞ ആഴ്ചയാണ് പിതാവ് രണ്ട് മാസത്തേക്ക് അവധിയെടുത്ത് ആസിമുമായി ആലുവയിൽ എത്തിയത്. സജി വളാശ്ശേരിയുടെ ആലുവ നഗരസഭ കാര്യാലയത്തിത് മുന്നിലെ വീട്ടിലാണ് ഇരുവരും താമസം.
2013ലാണ് ഷാനിന് അപകടത്തിൽ ഇരുകാലും മുട്ടിന് താഴെ നഷ്ടപ്പെട്ടത്. എല്ലാ ദിവസവും രാവിലെ ആറോടുകൂടി നീന്തൽ പഠിക്കുന്ന നാലുപേരും പെരിയാറിൽ മണപ്പുറം ദേശം കടവ് ഭാഗത്ത് രണ്ടുമണിക്കൂർ പരിശീലനം നടത്തുന്നുണ്ട്. വൈകീട്ടും രണ്ട് മണിക്കൂറോളം പരിശീലനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.