തലമുറകൾക്കായി അവരൊരുക്കിയ 'കുട്ടിവനം' മൂവായിരത്തോളം മരങ്ങളായി പടർന്നു
text_fieldsആലുവ: പെരിയാർ തീരത്തെ ആലുവ മണപ്പുറം കുട്ടിവനം പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയാകുന്നു. മനുഷ്യകരങ്ങളാൽ ഒരുക്കിയെടുത്തതാണിതെന്നുപോലും പലർക്കും വിശ്വസിക്കാൻ കഴിയാറില്ല.
ഒന്നരവർഷം മുമ്പ് നിര്യാതനായ പരിസ്ഥിതി പ്രവർത്തകൻ പ്രഫ. എസ്. സീതാരാമൻ വർഷങ്ങൾക്ക് മുമ്പ് നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണ് മണപ്പുറം കുട്ടിവനം.
യാഥാർഥ്യമായിട്ട് മൂന്ന് പതിറ്റാണ്ടായി. സീതാരാമെൻറ നേതൃത്വത്തിൽ ഒരുപറ്റം പരിസ്ഥിതി സ്നേഹികൾ കാൽനൂറ്റാണ്ട് മുമ്പ് ചെറിയ തോതിൽ തുടങ്ങിവെച്ചതാണ് തണൽമരങ്ങൾ നട്ടുപിടിപ്പിക്കൽ. പെരിയാറിെൻറ ജലനിരപ്പ് കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇല്ലാതായിക്കൊണ്ടിരുന്ന മണൽത്തിട്ടയെ സംരക്ഷിക്കാനാണ് പ്രധാനമായും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ തുടങ്ങിയത്.
മണപ്പുറത്തോട് ചേർന്ന് രണ്ടര കിലോമീറ്റർ നീളത്തിലാണ് വനമുള്ളത്.
മൂവായിരത്തോളം മരങ്ങളാണ് ഇന്ന് ഇവിടെയുള്ളത്. 1991, 1997 വർഷങ്ങളിൽ രണ്ട് ഘട്ടമായാണ് ഇവിടെ മരങ്ങൾ നട്ടുപിടിപ്പിച്ചത്. കെ.ആർ. രാജൻ കലക്ടറായിരിക്കുമ്പോഴാണ് മഴക്കാലത്ത് പുഴയായി ഒഴുകിയിരുന്ന സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന പദ്ധതി ആരംഭിച്ചത്.
1991ലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായത്. സാഹസികമായാണ് പരിസ്ഥിതി പ്രവർത്തകർ പെരിയാറിനോട് ചേർന്ന ചളി പ്രദേശത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. ചാലുകൾ കീറിയാണ് ആയിരത്തോളം വൃക്ഷത്തൈകൾ നട്ടത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 70 ശതമാനം തൈകളും നശിച്ചു.
കീഴടങ്ങാൻ മനസ്സില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. വീണ്ടും ചാലുകീറി വൃക്ഷത്തൈകൾ നടൽ പുനരാരംഭിച്ചു. പെരിയാറിലൂടെ ഒഴുകിയെത്തുന്ന എക്കൽ മണ്ണ് വൃക്ഷത്തൈകൾ തഴച്ചുവളരാൻ സഹായിച്ചു. 1997ൽ ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് രണ്ട് കിലോമീറ്റർ നീളത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിൽ ഒരുഭാഗത്ത് മഹാഗണി മാത്രമാണ് നട്ടത്. 65 തരത്തിലുള്ള മരങ്ങളാണ് കുട്ടിവനത്തിലുള്ളത്. മഞ്ഞക്കൊന്ന, മരുത്, ഈട്ടി, ഞാവൽ, പാല, മഴമരം, അത്തി, ആൽ, അരയാൽ, കല്ലാൽ, ഉങ്ങ്, കാപ്പി, നെല്ലി, പൂവരശ്, പൊങ്ങില്യം, പുളി, മരോട്ടി തുടങ്ങിയവയുണ്ട്. ആയിരക്കണക്കിന് പക്ഷികൾക്ക് കുട്ടിവനം കൂടൊരുക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.