പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഇന്ന് തുടക്കം; ഗതാഗതക്കുരുക്കിൽ ആശങ്ക
text_fieldsആലുവ: ദേശീയപാതയിലെ പാലങ്ങളുടെ അറ്റകുറ്റപ്പണി ശനിയാഴ്ച ആരംഭിക്കും. ഇതോടെ ആലുവ ഭാഗത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും. മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ പാലം, ആലുവ ബൈപാസ് മേൽപാലം എന്നിവ ബലപ്പെടുത്താനുള്ള നിർമാണമാണ് നടക്കുന്നത്. എന്നാൽ, ഗതാഗത തടസ്സം ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ എടുക്കുന്നുണ്ട്. അതിനാൽ തന്നെ മൂന്ന് ഘട്ടമായിട്ടായിരിക്കും മൂന്ന് പാലങ്ങളിലെയും പണികൾ.
മേൽപാലത്തിന്റെ കിഴക്കുവശത്തെ ട്രാക്കിൽ പില്ലറിലെ സ്പ്രിങ്ങിന് തകരാറുണ്ട്. ഈ പ്രശ്നമാണ് ആദ്യം പരിഹരിക്കുക. ഇതിന് മാത്രം രണ്ട് ദിവസത്തോളം വരുമെന്നാണ് കരുതുന്നത്.
ശനിയാഴ്ച രാത്രി എട്ടിന് തുടങ്ങി തിങ്കളാഴ്ച പുലർച്ചയോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മേൽപാലത്തിനു ആവശ്യത്തിന് വീതിയുള്ളതിനാൽ പണി നടക്കുമ്പോൾ ഗതാഗതം നിർത്തിവെക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടൽ.
കാലപ്പഴക്കം ഏറെയുള്ള മംഗലപ്പുഴ, മാർത്താണ്ഡവർമ പാലങ്ങളിലാണ് കൂടുതൽ പണികളുള്ളത്. എട്ട് പതിറ്റാണ്ട് മുമ്പ് രാജഭരണകാലത്താണ് ഇവ നിർമിച്ചത്. അതിനാൽ ഈ പാലങ്ങൾക്ക് പല തരത്തിലുള്ള തകരാറുകളുണ്ട്. രണ്ട് പാലങ്ങളിലെയും അറ്റകുറ്റപ്പണിക്ക് 20 ദിവസം വീതം വേണ്ടിവരും. ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
അറ്റകുറ്റപ്പണി നടക്കുമ്പോൾ രണ്ട് പാലത്തിലും ഒരു വരി ഗതാഗതമേ അനുവദിക്കാനാകു. നിലവിൽ രണ്ട് വരി ഗതാഗതമുണ്ടായിട്ടും വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ ഒരുവരിയാക്കുമ്പോൾ കുരുക്ക് അതിരൂക്ഷമാകും.
ശിവരാത്രി ആഘോഷത്തെ ബാധിച്ചേക്കും
ആലുവ: അറ്റകുറ്റപ്പണി ശിവരാത്രി ആഘോഷങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മാർച്ച് എട്ടിനാണ് ശിവരാത്രി. അന്നേ ദിവസവും അടുത്ത ദിവസവും പതിനായിരക്കണക്കിനാളുകളാണ് ആലുവയിലെത്തുക. പൊതു ഗതാഗത സംവിധാനങ്ങൾക്ക് പുറമെ ആയിരകണക്കിന് മറ്റു വാഹനങ്ങളും ഇവിടെയെത്തും. ശിവരാത്രിയെ തുടർന്ന് മണപ്പുറത്ത് ഒരു മാസം നീളുന്ന വ്യാപാരോത്സവവും നടക്കുന്നുണ്ട്. ഈ ദിവസങ്ങളിലും വലിയ തിരക്കാണ്. അതിനാൽ തന്നെ ശിവരാത്രിക്ക് മുമ്പ് പണി തീർക്കാൻ കഴിയില്ലെങ്കിൽ ശിവരാത്രി കഴിഞ്ഞിട്ടേ തുടങ്ങാനാവൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.