ദേശീയപാതയിലെ ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും
text_fieldsആലുവ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിൽ ദേശീയപാതയിലെ ചില ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും. പുതിയ ഫ്രീ ലെഫ്റ്റുകളും യു-ടേണുകളും വരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് നടപടികൾക്ക് നിർദേശം നൽകിയത്. തിരക്കും കുരുക്കും കൂടുതലായുള്ള ആലുവ ബൈപാസ് കവലയിലെയും തോട്ടക്കാട്ടുകരയിലെയും ട്രാഫിക് സിഗ്നൽ സംവിധാനങ്ങളാണ് ഒഴിവാക്കുന്നത്. തോട്ടക്കാട്ടുകരയിലെ സിഗ്നലിന് പകരം യു-ടേൺ സംവിധാനം നടപ്പാക്കും. തോട്ടക്കാട്ടുകര ഭാഗത്തുനിന്നും മണപ്പുറം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് യു-ടേണിന് പറവൂർ കവലക്കും തോട്ടക്കാട്ട്കരക്കും ഇടയിൽ സ്ഥലം വീതി കൂട്ടി വാഹനം തിരിയുന്നതിന് ആവശ്യമായ റോഡ് ഡിവൈഡർ/മീഡിയൻ സംവിധാനം ഏർപ്പെടുത്താനും നിർദേശിച്ചു.
അതിനെക്കുറിച്ച് പഠനം നടത്താൻ നാറ്റ്പാക്കിനെയും റോഡ് സേഫ്റ്റി അതോറിറ്റിയെയും ചുമതലപ്പെടുത്തി. ബൈപാസിൽ സിഗ്നൽ ഒഴിവാക്കുമ്പോൾ ആലുവ നഗരത്തിന്റെ ഉള്ളിലേക്കുപോകാനുള്ള വാഹനങ്ങൾക്കുമേൽ പാലത്തിന്റെ ചുവട്ടിലെ അടിപ്പാത വഴി കടന്നുപോകാൻ സൗകര്യം ഒരുക്കും. പറവൂർ കവലയിൽനിന്ന് പറവൂർ ഭാഗത്തേക്കും തോട്ടക്കാട്ടുകര, മണപ്പുറം റോഡിൽനിന്ന് ആലുവയിലേക്കും ഫ്രീ ലെഫ്റ്റ് സംവിധാനം നടപ്പാക്കാനും മന്ത്രി നിർദേശിച്ചു. പറവൂർ ഭാഗത്തേക്കുള്ള സർവിസ് റോഡ് കൃത്യമായി ടാർ ചെയ്ത് വലുതാക്കി ഫ്രീ ലെഫ്റ്റ് സംവിധാനം ഏർപ്പെടുത്താനാണ് നിർദേശിച്ചിട്ടുള്ളത്.
മംഗലപ്പുഴ പാലം മുതൽ ബൈപാസ് കവല വരെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് മന്ത്രി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.പുളിഞ്ചോടിൽനിന്ന് ദേശം കുന്നുംപുറം കവല വരെ ദേശീയപാതക്ക് മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന അൻവർ സാദത്ത് എം.എൽ.എയുടെ നിർദേശം മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ അധ്യക്ഷൻ എം.ഒ. ജോൺ, ഉപാധ്യക്ഷ സൈജി ജോളി മൂത്തേടൻ, സ്ഥിരം സമിതി അധ്യക്ഷരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കർ, െഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർമാരായ സജി പ്രസാദ്, എം.പി. ജയിംസ്, ആർ.ടി.ഒ കെ. മനോജ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.