വീടെന്ന സ്വപ്നം സഫലമാകുന്ന ആഹ്ലാദത്തിൽ വരുണും വസുവും
text_fieldsആലുവ: ചിങ്ങപ്പുലരിയിൽ വീടെന്ന വലിയ സ്വപ്നത്തിെൻറ വെളിച്ചം വന്നെത്തിയ ആഹ്ലാദത്തിലാണ് കീഴ്മാട് അന്ധവിദ്യാലയത്തിലെ ഇരട്ടക്കുട്ടികളായ വരുൺദേവും വസുദേവും. എടവനക്കാട്ടുകാരായ ശെൽവരാജിെൻറയും പരേതയായ രമയുടെയും ജന്മനാ കാഴ്ചവൈകല്യമുള്ള ഇരട്ടക്കുട്ടികളാണിവർ.
രണ്ടാം ക്ലാസ് മുതൽ കീഴ്മാട് അന്ധവിദ്യാലയത്തിൽ പഠിക്കുന്ന ഈ കുട്ടികളുടെ അമ്മ അർബുദം ബാധിച്ച് മരിച്ചത് രണ്ടുവർഷം മുമ്പാണ്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനമാണ് ഈ വിദ്യാർഥികൾ സംസ്ഥാനതലത്തിൽ നടത്തിയിരുന്നത്. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു സുരക്ഷിതഭവനം ഇല്ലാത്തതുകൊണ്ട് സ്കൂളിനുസമീപം വാടകക്ക് താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം. അതിനിെടയാണ് മാതാവ് രമയുടെ അകാലത്തിലുള്ള മരണം.
കുടുംബത്തിെൻറ അവസ്ഥക്ക് ചെറിയൊരു പരിഹാരമെന്ന നിലയിലാണ് വീട് നിർമിച്ചുകൊടുക്കാൻ സ്കൂളും മാനേജ്മെൻറായ കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയും തീരുമാനിക്കുന്നത്. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിെൻറ പ്രിൻസിപ്പലും ആലുവ ഏലി ഹിൽസ് മാനേജിങ് ഡയറക്ടറുമായ രവി തോമസ് ഈ കുടുംബത്തിെൻറ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും വീടുവെക്കാൻ ആവശ്യമായ സ്ഥലം കീഴ്മാട് നൽകുകയുമായിരുന്നു.
12 ലക്ഷം വിലവരുന്ന ഫുൾ ഫർണിഷ്ഡായ ഭവനം ക്രിസ്മസ് സമ്മാനമായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാവശ്യമായ സാമ്പത്തികപിന്തുണ ഉദാര മനസ്സുള്ളവരിൽനിന്ന് തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കൂൾ മാനേജറും കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി സെക്രട്ടറിയുമായ വർഗീസ് അലക്സാണ്ടർ പറഞ്ഞു. ഭവന നിർമാണത്തിെൻറ കല്ലിടൽ ചടങ്ങിൽ പ്രഫ. തോമസ് ജോൺ, രവി തോമസ്, വി.ജി. കോശി, ജോർജ് സി. ചാക്കോ, വർഗീസ് അലക്സാണ്ടർ, വി.ജെ. കുര്യാക്കോസ്, ജിജി വർഗീസ്, സെൽവരാജ്, വരുൺ, വസു എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.