കൃഷി ഉണങ്ങിത്തുടങ്ങി; പെരിയാർവാലി കനാലിൽ വെള്ളം തുറന്നുവിടും
text_fieldsആലുവ: കൃഷി ഉണങ്ങി നശിച്ചുതുടങ്ങിയതോടെ പെരിയാർവാലി കനാലിൽ വെള്ളം തുറന്നുവിടാൻ തീരുമാനമായി. കർഷകരുടെ ശക്തമായ സമ്മർദത്തെതുടർന്നാണ് തീരുമാനം. അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പെരിയാർവാലി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് വെള്ളം വിടാൻ തീരുമാനിച്ചത്.
മാധവപുരത്ത് കനാലരിക് ഇടിഞ്ഞത് അറ്റകുറ്റപ്പണി നടത്താത്തതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്നാണ് പമ്പിങ് നിർത്തിയിരുന്നത്. വെള്ളം തുറന്നുവിട്ടാൽ കനാലിന്റെ കൂടുതൽ ഭാഗം ഇടിയുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. പെരിയാർവാലി കനാലിൽ ജലവിതരണം നിലച്ചത് വിവിധ ഭാഗങ്ങളിൽ ദുരിതമായി മാറിയിരുന്നു. വേനൽ കനത്തതോടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയാണ്. ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങുന്നത്. കനാലിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാൻ കഴിഞ്ഞയാഴ്ച ഇറിഗേഷൻ അധികൃതർ എത്തിയെങ്കിലും അറ്റകുറ്റപ്പണി നടത്തുമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ അനുവദിക്കൂവെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് അധികൃതർ. ഇന്നലെ നടന്ന യോഗത്തിൽ അപകടം ഉണ്ടാക്കാത്തനിലയിൽ പെരിയാർവാലി വെള്ളം ക്രമീകരിച്ച് വിടാനാണ് തിരുമാനമെടുത്തിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാർഡ് മെംബർ രാജേഷ് പുത്തനങ്ങാടി, അസി. എക്സി. എൻജിനീയർ ഫെബി ലൂയീസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
കനാലിന്റെ തകർന്ന പാർശ്വഭിത്തി പുനർനിർമിക്കാൻ നടപടിയില്ല
ചൂർണിക്കര: പെരിയാർവാലി കനാലിന്റെ പാർശ്വഭിത്തി തകർന്നിട്ട് രണ്ടുമാസമായിട്ടും പുനർനിർമിക്കാൻ നടപടിയായില്ല. ചൂർണിക്കര രണ്ടാം വാർഡിലെ മാധവപുരം കോളനി ഭാഗത്താണ് പാർശ്വഭിത്തി തകർന്നത്. ഇതുമൂലം സമീപ റോഡും വീടുകളും തകർച്ചഭീഷണി നേരിടുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എസ്.സി കോളനി നവീകരിക്കാനുള്ള ഒരുകോടി രൂപയിൽ 45 ലക്ഷം മുടക്കിയാണ് പാർശ്വഭിത്തി നിർമിച്ചത്.
പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടി പണിത കനാലിന്റെ ഭാഗമാണ് ഇടിഞ്ഞത്. ഇടിഞ്ഞ ഭാഗം മുഴുവൻ കനാലിൽ കിടക്കുന്ന കാരണം അതിലൂടെ ജലം വിടാൻ കഴിയാത്ത അവസ്ഥയിലാണ്. 45 ലക്ഷം രൂപ ചെലവഴിച്ച ഈ പണി അഴിമതിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഉടൻ പുനർനിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഒരു കോടി രൂപയിൽ ഉൾപ്പെടുത്തി മാധവപുരം കോളനിയുടെ പിറകിൽ എഫ്.ഐ.ടി പണിത കാനയും ഇടിഞ്ഞു പോയിരുന്നു. ആ കാന വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനർനിർമിക്കുകയാണ്.
ഈ പണിയുമായി ബന്ധപ്പെട്ട് എഫ്.ഐ.ടിയിൽ പരാതി പറയാൻ പോയ തനിക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തിട്ടുണ്ടെന്ന് വാർഡ് അംഗം രാജേഷ് പുത്തനങ്ങാടി പറഞ്ഞു. പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും വാർഡ് അംഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.