വെൽനെസ് ക്ലിനിക്: ആലുവ നഗരസഭ കൗൺസിലിൽ ബഹളം
text_fieldsആലുവ: നഗരസഭയുടെ ആഭിമുഖ്യത്തിൽ വെൽനെസ് ക്ലിനിക് ആരംഭിക്കുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ബഹളം. ഇതേതുടർന്ന് യോഗം വൈസ് ചെയർപേഴ്സൻ പിരിച്ചുവിട്ടു. ഇതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
ചൊവ്വാഴ്ച നടന്ന കൗൺസിലിൽ ഭരണപക്ഷമായ കോൺഗ്രസിലെ ഒരു വിഭാഗമാണ് വെൽനെസ് ക്ലിനിക് വിഷയത്തിൽ പ്രശ്നമുണ്ടാക്കിയത്. ഏഴാമത് അജണ്ടയായാണ് ഹെൽത്ത് വെൽനെസ് സെൻറർ ചർച്ചക്കെടുത്തത്. നഗരസഭയിൽ രണ്ട് വെൽനെസ് സെൻറർ തുടങ്ങാൻ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടക്കാട്ടുകരയിലും ആലുവ ടൗണിലും ഓരോ എണ്ണം തുടങ്ങാൻ ആരോഗ്യ സ്ഥിരം സമിതി ശിപാർശ ചെയ്തു. അതിനുശേഷം വർക്കിങ് ഗ്രൂപ് കൂടി ശിപാർശ അംഗീകരിച്ച് കൗൺസിലിൽ അജണ്ടയായി വന്നു. ആലുവ ടൗണിൽ വാടകക്ക് സ്ഥലം ലഭിക്കാത്തതിനാൽ, ദീർഘകാലമായി കാടുപിടിച്ചുകിടക്കുന്ന എൻജിനീയേഴ്സ് ക്വാർട്ടേഴ്സ് വൃത്തിയാക്കി ഒരു സെൻറർ അതിൽ തുടങ്ങണമെന്ന് ചെയർമാനും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും അംഗീകരിച്ചാണ് കൗൺസിൽ അജണ്ടയായി വന്നത്. എന്നാൽ, ഒരുവിഭാഗം ഭരണകക്ഷി കൗൺസിലർമാർ ഇതിനെ എതിർക്കുകയായിരുന്നു.
പ്രതിപക്ഷവും ഭരണപക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും എൻജിനീയേഴ്സ് ക്വാർട്ടേഴ്സിൽ വെൽനെസ് സെൻറർ തുടങ്ങുന്നതിന് അനുകൂലമായിരുന്നു. എന്നിട്ടും യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർപേഴ്സൻ വിഷയത്തിൽ തീരുമാനമെടുക്കാതെ യോഗം പിരിച്ചുവിടുകയായിരുന്നു. സർക്കാർ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്താതെ വർക്കിങ് ഗ്രൂപ് ശിപാർശ ചെയ്ത നടപടി കൗൺസിൽ യോഗം അംഗീകരിച്ച് തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും യോഗം തുടർന്നില്ല.
കൗൺസിൽ യോഗം മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാരായ ശ്രീലത വിനോദ്കുമാർ, മിനി ബൈജു, സുനീഷ്, ദിവ്യ സുനിൽ, ടിൻറു രാജേഷ് എന്നിവർ ചേർന്ന് വൈസ് ചെയർപേഴ്സനെ ഉപരോധിച്ചു. പിന്നീട് മുനിസിപ്പൽ സെക്രട്ടറി ഷാഫി മുഹമ്മദിനെ കണ്ട് പ്രതിഷേധം രേഖാമൂലം അറിയിക്കുകയും ചെയ്തു. കൗൺസിലർമാർക്ക് പുറമെ എൽ.ഡി.എഫ് നേതാക്കളായ പോൾ വർഗീസ്, രാജേഷ്, സന്തോഷ് എന്നിവരും സെക്രട്ടറിയെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.