പുഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ റെഗുലേറ്റർ ഷട്ടറുകൾ അടച്ചിട്ടു; പാടങ്ങളിൽ വെള്ളംകയറി കൃഷിനശിച്ചു
text_fieldsആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. പെരിയാറിലെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ യഥാസമയം ഉയർത്താത്തതാണ് കാരണം. പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ റെഗുലേറ്റർ ഷട്ടറുകൾ അടച്ചിട്ടതുമൂലം പാടങ്ങളിൽ വെള്ളംകയറി കൃഷിനശിച്ചു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് പെയ്ത ശക്തമായ മഴക്കുശേഷമാണ് പലരും വിത്തുവിതച്ചത്.
ഷട്ടറുകൾ യഥാസമയം ഉയർത്താത്തതാണ് പ്രശ്നത്തിന് വഴിവെച്ചതെന്ന് കർഷകർ ആരോപിച്ചു. ഈ ദുരവസ്ഥക്കെതിരെ കഴിഞ്ഞമാസം നടന്ന യോഗത്തിൽ ഒരു കർഷകൻ ശക്തമായി പ്രതികരിച്ചിരുന്നു.
എന്നിട്ടും അധികൃതർ അനാസ്ഥ തുടരുകയായിരുന്നു. തിങ്കളാഴ്ച പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. എന്നാൽ, അതിനനുസൃതമായി ഷട്ടർ തുറക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. തിങ്കളാഴ്ച രാത്രി വലിയതോതിൽ പുഴയിൽ വെള്ളമുയരുകയും തീരങ്ങളിലെ കൃഷിഭൂമികളിലേക്ക് വ്യാപകമായി വെള്ളം കയറുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ പാടങ്ങളിൽ ചെന്ന കർഷകർ കണ്ടത് വിളകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ഇടപെട്ടതോടെ ചൊവ്വാഴ്ച രാവിലെ 11ഓടെ ഷട്ടർ ഉയർത്തി.
ശാശ്വത പരിഹാരം കാണാൻ അധികാരികളും നിയോജകമണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവും ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.