യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ
text_fieldsആലുവ: യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തട്ടിക്കൊണ്ടുപോയ പ്രതികൾ തിരുവനന്തപുരത്തു വച്ചാണ് രക്ഷപ്പെട്ടത്. ഇവർ കേരളം വിട്ടോയെന്നും അറിയില്ല. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. അതിനാൽ തന്നെ ഇവരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം പോയിട്ടുണ്ട്. എത്രയും വേഗം പ്രതികൾ കുടുങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതിനിടയിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഇന്നോവ കാർ ഏർപ്പാടാക്കി കൊടുത്ത രണ്ടു പേരെ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടു പോയ ചുവന്ന ഇന്നോവാ കാർ വാടകയ്ക്ക് എടുത്തു നൽകിയതിലെ കണ്ണികളാണ് ഇവർ. ഇവർക്ക് തട്ടിക്കൊണ്ട് പോയ സംഭവത്തിലും പങ്കുള്ളതായാണ് കണക്കാക്കുന്നത്. സംഭവം നടന്ന ഞായറാഴ്ച്ച തന്നെ ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ ഇവർക്ക് തട്ടിക്കൊണ്ട് പോകൽ സംഭവത്തിൽ പങ്കുള്ളതായി വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്റ് ചെയ്ത് ആലുവ സബ് ജയിലിലാക്കി. ഇത്തരത്തിൽ വാഹനം ഇടപാട് നടത്തി നൽകിയ ഒരാളെയാണ് തിരുവനന്തപുരത്തെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ആലുവയിൽ എത്തിച്ച് ചോദ്യം ചെയ്യും. അന്വേഷണ സംഘം കൊല്ലം, പത്തനംത്തിട്ട ജില്ലകളിലും വ്യാപകമായ അന്വേഷണത്തിനാണ് തീരുമാനിച്ചിട്ടുള്ളത്. പത്തനംതിട്ട എ.ആർ ക്യാമ്പിലെ ഒരു എ.എസ്.ഐയാണ് സുഹൃത്തിനു വേണ്ടി കാർ വാടകക്കെടുത്തത്. ഇയാളിൽ നിന്ന് പല കൈമറിഞ്ഞാണ് പ്രതികളിലേക്ക് കാർ എത്തിയത്. അതിനാൽ തന്നെ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് അറിയുന്നത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് യുവാക്കളെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ കാറിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാർ പിന്നീട് തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. സാമ്പത്തിക തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് പിന്നിൽ റെൻ്റ് എ കാർ സംഘമാണെന്നും സംശയിക്കുന്നു. സ്വർണ്ണ ഇടപാടാണ് തട്ടികൊണ്ട് പോകലിന് പിന്നില്ലെന്നും സൂചനയുണ്ട്. യുവാക്കളും ഇവരെ തട്ടികൊണ്ടു പോയവരും പിന്നീട് ധാരണയിലെത്തിയതായും സംശയിക്കുന്നു. അതിനാൽ തന്നെ ഇവർ ഒരുമിച്ച് ഒളിവിൽ പോയിട്ടുണ്ടാകാനും സാദ്ധ്യതയുള്ളതായും അറിയുന്നു. ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. യുവാക്കളെ മർദ്ദിച്ച് ബലമായി കാറിൽ കയറ്റി ക്കൊണ്ടുപോയതായാണ് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചത്. ഒരാളെ മാത്രമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാൽ, ഒന്നിൽ കൂടുതലാളുകളെ തട്ടിക്കൊണ്ടു പോയതായാണ് പിന്നീട് പൊലീസിന് വിവരം ലഭിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോയതിൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴക്കുട്ടം വെട്ടുറോഡ് വച്ച് അവിടെയുള്ള പൊലീസ് കാർ പിന്തുടരുകയായിരുന്നു. ഇതോടെ നഗരത്തിൽ പ്രവേശിക്കാതെ അവിടെ നിന്നു തിരിഞ്ഞ കാർ കണിയാപുരം വാടയിൽമുക്ക് പുത്തൻകടവിനടുത്തെത്തി നിർത്തുകയായിരുന്നു. തുടർന്ന്, സംഘം കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷയിലാണ് കടന്നുകളഞ്ഞതെന്ന് അറിയുന്നു. കാർ കിട്ടിയയുടൻ തിരുവനന്തപുരം റൂറലിലെ പൊലീസ് സംഘവും ഫൊറൻസിക്, ഫിംഗർപ്രിൻ്റ് ഉദ്യോഗസ്‌ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കാറിൽ രക്‌തത്തുള്ളികളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.